Friday, 31 January 2020

The Secret Life of Walter Mitty (2013) - 114 min

Country: USA
Director: Ben Stiller
Cast: Ben Stiller, Kristen Wiig, Shirley MacLaine, Adam Scott, Kathryn Hahn & Sean Penn.
നമ്മുടെ നായകൻ പകൽ സ്വപ്നം കാണുന്ന ഒരാളാണ്. ലൈഫ് മാഗസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണ്, അതിന്റെ അവസാന പതിപ്പിലേക്ക് കവർ ആക്കാനായി തന്റെ പുതിയ നെഗറ്റീവ്സ് Sean O'Connell അയച്ചു കൊടുത്തിട്ടുണ്ട്. അതിൽ ഇരുപത്തിയഞ്ചാമത്തെ ചിത്രം മാഗസിന്റെ കവർ പേജ് ആകണമെന്ന് പ്രത്യേകം Sean ആവശ്യപ്പെട്ടിട്ടുമുണ്ട്. നെഗറ്റീവ് ഡിപ്പാർട്ട്മെൻറ് മാനേജറായ Walter Mitty നോക്കിയിട്ട് ആ ഇരുപത്തിയഞ്ചാമത്തെ നെഗറ്റീവ് മാത്രം അതിൽ കാണാൻ കഴിയുന്നില്ല. അത് കണ്ടുപിടിക്കാനുള്ള യാത്രയാണ് പിന്നെ അങ്ങോട്ട്.
സാഹസികതകൾ നിറഞ്ഞ സ്വപ്നങ്ങൾ മാത്രം കാണുന്ന ഒരു വ്യക്തി കൂടിയാണ് Walter Mitty. അപ്പോ പിന്നെ പറയേണ്ടല്ലോ അയാൾ സഞ്ചരിക്കുന്ന വഴികളെക്കുറിച്ച്, മനോഹരമായ ദൃശ്യങ്ങളുടെ കമനീയ ശേഖരം തന്നെ നമുക്ക് വേണ്ടി ഇതിൽ ഒരുക്കിയിട്ടുണ്ട്. 1939ൽ പുറത്തിറങ്ങിയ James Thurber ന്റെ The Secret Life of Walter Mitty എന്ന ചെറുകഥയുടെ രണ്ടാമത്തെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. സിനിമയിലെ കേന്ദ്ര കഥാപാത്രമായ Walter Mitty ആയി നമുക്ക് മുൻപിൽ എത്തുന്നത് Ben Stiller ആണ്, അദ്ദേഹം തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വളരെ ആസ്വദിച്ച് കാണാവുന്ന ഈ ചിത്രം ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കുന്നതിൽ തെറ്റില്ല. സ്വപ്നങ്ങൾ എല്ലാവരും കാണാറുണ്ട്, പക്ഷേ ഇതുപോലെ സ്വപ്നം കാണുന്നത് Walter Mitty മാത്രമായിരിക്കും.
Verdict: Good

Wednesday, 29 January 2020

Unfaithful (2002) - 125 min

Country: USA
Director: Adrian Lyne
Cast: Richard Gere, Diane Lane, Olivier Martinez & Erik Per Sullivan.
കോണിയുടെ ലോകം എന്ന് പറയുന്നത് അവളുടെ ഭർത്താവും മകനും അടങ്ങുന്ന ചെറിയ കുടുംബമാണ്. അവർ രണ്ടുപേരും വീട്ടിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ അവൾ ഒറ്റയ്ക്കാണ്. അവൾ വീട്ടിലേക്കുള്ള സാധനങ്ങൾ മേടിക്കാൻ ന്യൂയോർക്ക് സിറ്റിയിലേക്ക് പോവുകയാണ്. അന്നേദിവസം നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു അവിടെയെല്ലാം, ആ കാറ്റ് അവളെ കൊണ്ട് ചെന്നെത്തിച്ചത് പോൾ എന്ന് വിളിക്കുന്ന ചെറുപ്പക്കാരന്റെ മുൻപിലാണ്.
Diane Lane യുടെ അഭിനയത്തേക്കാലും ഇഷ്ടം തോന്നിയത് അവരുടെ ആളെ മയക്കുന്ന ചിരിയാണ്. മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷൻ Diane Lane ന് നേടികൊടുത്ത സിനിമ കൂടിയാണ് Unfaithful. Diane കോണിയായി ജീവിക്കുകയാണ് ചെയ്തതെന്ന് വേണമെങ്കിൽ നമുക്ക് പറയാം, അവളുടെ ഓരോ ചലനങ്ങളും പ്രേക്ഷകന്റെ മനസ്സിൽ പതിയുന്നതായി തോന്നി. 1969 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയായ The Unfaithful Wife ന്റെ റീമേക്കാണ് ഈ ചിത്രം, ഇതിനെ ബോളിവുഡിലേക്ക് Murder എന്ന പേരിൽ പറിച്ച് നട്ടപ്പോൾ നായകനായി എത്തിയത് ഇമ്രാൻ ഹാഷ്മിയാണ്. സിനിമയിൽ അനാവശ്യമായ രംഗങ്ങൾ ഒന്നുംതന്നെയില്ല, കഥയ്ക്ക് അനിവാര്യമായ ചില intimate സീൻസുണ്ട് ചിത്രത്തിൽ അതൊന്ന് ഓർക്കുന്നത് നന്നായിരിക്കും.
Verdict: Good

Sunday, 26 January 2020

Get Out (2017) - 104 min

Country: USA
Director: Jordan Peele
Cast: Daniel Kaluuya, Allison Williams, Bradley Whitford, Caleb Landry Jones, Stephen Root & Catherine Keener.
ക്രിസ് തന്റെ കാമുകിയായ റോസിന്റെ കൂടെ അവളുടെ വീട്ടിലേക്ക് യാത്ര ചെയ്യുകയാണ്. റോസിന്റെ മാതാ പിതാക്കളെ ആദ്യമായി കാണാൻ പോകുന്ന ക്രിസിന് ചെറിയ പേടിയൊക്കെയുണ്ട്, കറുത്ത വർഗ്ഗക്കാരനായ തന്നെ റോസിന്റെ കുടുംബം സ്വീകരിക്കുമോന്ന്. എല്ലാ കണക്കു കൂട്ടലുകളും കാറ്റിൽ പറത്തിക്കൊണ്ട് ക്രിസിനെ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചു. റോസിന്റെ വീട്ടിലെ പണിക്കാർ എല്ലാം കറുത്ത വർഗക്കാരാണ്, അവരുടെയെല്ലാം പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട് ഉള്ളതായി ക്രിസിന് സംശയം തോന്നി.
ഇറങ്ങിയ സമയത്ത് ഈ സിനിമ കണ്ടപ്പോൾ നിരാശയാണ് സമ്മാനിച്ചത്, വേറെയൊരു രസകരമായ കാര്യം ആ സമയത്ത് ഇതിനെ തലങ്ങും വിലങ്ങും ക്രൂശിച്ച ഒരു വ്യക്തി കൂടിയാണ് ഞാൻ. സംവിധായകനായ Jordan Peeleന്റെ രണ്ടാം ചിത്രമായ US കണ്ടപ്പോൾ അദ്ദേഹത്തിന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി. അപ്പോൾ മുതൽ ഈ ചിത്രം ഒന്നൂടെ കാണണമെന്ന് തോന്നിയിരുന്നു. സിനിമ സംസാരിക്കുന്നത് കറുത്ത വർഗ്ഗത്തിന്റെയും വെളുത്ത വർഗ്ഗത്തിന്റെയും ഇടയിലുള്ള അന്തരമാണ്. നിറത്തിന്റെ പേരിൽ കുറെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ ഒരു സ്ഥലമാണ് ഹോളിവുഡ്, Denzel Washington പണ്ട് Julia Roberts നെ ചുംബിക്കില്ലെന്ന് പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. സിനിമയുടെ ക്ലൈമാക്സ് കാണുമ്പോൾ നമുക്ക് തോന്നും വേണമെങ്കിൽ ഈ ചിത്രം മറ്റൊരു രീതിയിലും അവസാനിപ്പിക്കാമെന്ന്, അത് തന്നെയാണ് Alternate Ending എന്ന രൂപത്തിൽ സംവിധായകൻ നമുക്ക് നൽകുന്നത്. Alternate Ending കാണാത്തവർ ഉണ്ടെങ്കിൽ യൂട്യൂബിൽ നിന്നും കാണാവുന്നതാണ്.
Verdict: Good

Saturday, 25 January 2020

Room in Rome (2010) - 109 min

Country: SPAIN
Director: Julio Medem
Cast: Elena Anaya, Natasha Yarovenko & Enrico Lo Verso.
ബാറിൽ വച്ച് കണ്ടുമുട്ടിയ രണ്ട് അപരിചിതർ, അവർ ആ സുന്ദരമായ രാത്രി ഒരു മുറിയിൽ ചെലവഴിക്കാൻ തീരുമാനിക്കുന്നു. പരസ്പരം കൂടുതൽ മനസ്സിലാക്കുവാൻ അവർ അവരുടെ ജീവിതത്തിലെ ഓരോ രഹസ്യങ്ങൾ സംസാരിച്ചു തുടങ്ങുന്നു, ഒപ്പം അവർക്കിടയിലെ പ്രണയത്തെക്കുറിച്ചും.
അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ രാത്രിയിലേക്കാണ് അവർ നമ്മളെ ക്ഷണിക്കുന്നത്. അവർക്ക് നമ്മളോട് പറയാൻ കുറെ കഥകളുണ്ട് എന്തിന് കൂടുതൽ പറയുന്നത് ആ മുറിയിലെ ചുമരുകൾ പോലും സംസാരിക്കുന്നതായി തോന്നിപ്പോകും ചില സന്ദർഭങ്ങളിൽ. Loving Strangers എന്ന ഗാനം ഇടയ്ക്ക് കേൾക്കാൻ സാധിക്കുമെങ്കിലും സിനിമയുടെ അവസാനം അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്. സിനിമയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളുടെ ഉപയോഗം വളരെ കുറവാണ്, പിന്നെ സിനിമ കാണുന്നവർ ഹെഡ്സെറ്റ് വെച്ചോ അല്ലെങ്കിൽ അടുത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം കാണാൻ തുടങ്ങുക.
Verdict: Good

Sunday, 19 January 2020

Premium Rush (2012) - 92 min

Country: USA
Director: David Koepp
Cast: Joseph Gordon-Levitt, Michael Shannon, Dania Ramirez & Jamie Chung.
ന്യൂയോർക്ക് സിറ്റിയിൽ സൈക്കിൾ മെസഞ്ചറായി ജോലി ചെയ്തു വരികയാണ് വൈലി. ഏറ്റവും വേഗത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മെസ്സേജും ആയി എത്തുന്ന വ്യക്തി കൂടെയാണ് വൈലി. ബ്രേക്കില്ലാത്ത സൈക്കിളിൽ അവസാനത്തെ പാക്കേജ് പറഞ്ഞ സ്ഥലത്ത് എത്തിക്കാൻ നോക്കുന്ന വൈലി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സിനിമ കാണുമ്പോൾ മനസ്സിലാകും സൈക്കിൾ മെസഞ്ചറായി ജോലി ചെയ്യുന്നവർ തങ്ങളുടെ ജീവൻ പണയം വച്ചാണ് ഓരോ സ്ഥലത്തേക്കും പാഞ്ഞു പോകുന്നതെന്ന്, ഇതിലുള്ള മിക്ക കഥാപാത്രങ്ങളും ന്യൂയോർക്ക് സിറ്റിയിൽ ഇന്നും കാണാൻ സാധിക്കും. 1998 ൽ പുറത്തിറങ്ങിയ ദി അൾട്ടിമേറ്റ് റഷ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് പ്രീമിയം റഷ് എന്ന് പറഞ്ഞുകൊണ്ട് എഴുത്തുകാരനായ Joe Quirk ഒരു കേസ് ഫയൽ ചെയ്തിരുന്നു, കോടതി ആ കേസ് തള്ളിക്കളഞ്ഞു. പ്രീമിയം റഷ് പുറത്തിറങ്ങുന്നതിനു മുൻപേ ഇതുപോലെയുള്ള വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സിനിമയിലെ ഓരോ ചെയ്സ് സീനും വളരെ ഭംഗിയായി അവതരിപ്പിക്കാൻ സംവിധായകനായ David Koepp ന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഒന്നര മണിക്കൂർ ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാണ് പ്രീമിയം റഷ്.
Verdict: Good

Saturday, 18 January 2020

The Revenant (2015) - 156 min

Country: USA
Director: Alejandro G. Iñárritu
Cast: Leonardo DiCaprio, Tom Hardy, Domhnall Gleeson & Will Poulter.
ക്യാപ്റ്റൻ ആൻഡ്രൂ ഹെൻറിയെയും അയാളുടെ സംഘത്തെയും സംരക്ഷിക്കുന്നതും നേർവഴി കാണിച്ചു കൊടുക്കുന്നതും വേട്ടക്കാരനായ ഹ്യൂഗ് ഗ്ലാസിന്റെ ചുമതലയാണ്. ഗ്ലാസിന് കൂട്ടായി ഒപ്പം അയാളുടെ മകനുമുണ്ട്. വേട്ടയ്ക്കിടെ ഗ്ലാസിന് ഒരു കരടിയിൽ നിന്നും അപ്രതീക്ഷിതമായി ആക്രമണം ഏൽക്കേണ്ടിവന്നു. ഗുരുതരമായി പരിക്കേറ്റ അയാളെ ശുശ്രൂഷിക്കാൻ മൂന്നുപേരെ കാവൽ നിർത്തി ക്യാപ്റ്റൻ ആൻഡ്രൂ യാത്ര തുടർന്നു.
ഹ്യൂഗ് ഗ്ലാസിന്റെ പ്രതികാരമാണ് ചിത്രത്തിൻറെ പ്രമേയം. മരണത്തെ സ്പർശിച്ച ഹ്യൂഗ് തിരിച്ച് ജീവിതത്തിലേക്ക് വന്നതും ആ ഒരൊറ്റ ലക്ഷ്യം നിറവേറ്റാൻ ആണ്. ഈ സിനിമയുടെ തിരക്കഥ 2002ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിൽ നിന്നും പ്രചോദനം കൊണ്ട് എഴുതിയതാണ്. പന്ത്രണ്ട് ഓസ്കാർ നോമിനേഷനുകൾ ലഭിച്ച ചിത്രമാണ് ദി റെവനന്റ്, അതിൽ മൂന്നെണ്ണം കരസ്ഥമാക്കുകയും ചെയ്തിരുന്നു. മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ, ഓരോ ഫ്രെയിമും നമുക്ക് വാൾപേപ്പർ ആകാവുന്നതാണ്. ഈ സിനിമയിലെ അഭിനയത്തിനാണ് ലിയനാർഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചത്. ദി റെവനന്റ് കാണാത്തവരായി ആരുമുണ്ടാവില്ല, ഇത് ആ ദൃശ്യവിസ്മയം നിങ്ങളോട് ഒന്നൂടെ കാണാൻ പറഞ്ഞുകൊണ്ടുള്ള സൈക്കോളജിക്കൽ പോസ്റ്റാണ്.
Verdict: Great

Friday, 17 January 2020

The Shallows (2016) - 87 min

Country: USA
Director: Jaume Collet-Serra
Cast: Blake Lively
മെഡിക്കൽ വിദ്യാർത്ഥിയായ നാൻസി ആഡംസ് തൻറെ അമ്മയെ നഷ്ടമായ ദുഃഖം മറക്കുവാൻ ആളൊഴിഞ്ഞ ബീച്ചിലേക്ക് യാത്ര പോവുകയാണ്. അവളുടെ അമ്മ മുമ്പൊരിക്കൽ ഇവിടെ വന്നിട്ടുണ്ട്, ആ സ്ഥലങ്ങളെല്ലാം സന്ദർശിക്കുകയാണ് അവളുടെ ലക്ഷ്യം. ബീച്ചിൽ സർഫിംഗ് ചെയ്തുകൊണ്ടിരുന്ന നാൻസിയുടെ അടുത്തേക്ക് ഒരു വലിയ സ്രാവ് എത്തുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു.
Jaume Collet-Serra സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ, കേന്ദ്ര കഥാപാത്രമായ നാൻസിയെ അവതരിപ്പിച്ചിരിക്കുന്നത് Blake Lively യാണ്. എന്നാലും ഒരു മര്യാദയൊക്കെ വേണ്ടേ അതും കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ തെരഞ്ഞുപിടിച്ച് കൊല്ലാൻ നോക്കുന്നത് ഈ സ്രാവുകളുടെ സ്ഥിരം ഏർപ്പാടാണ്. സിനിമയിൽ നിന്നും ഒഴിവാക്കിയ ഒരു സീൻ, നാൻസിയുടെ അനിയത്തി ബീച്ചിൽ സ്രാവ് ഉണ്ടെന്ന് മനസ്സിലാക്കുന്ന രംഗം ചിത്രത്തിൽ നിന്നും ഒഴിവാക്കാതെ ഇരിക്കാമായിരുന്നു. ആവശ്യമുള്ളവർക്ക് ആ സീൻ യൂട്യൂബിൽ നിന്ന് കാണാവുന്നതാണ്. അത്യാവശ്യം നല്ല ത്രില്ലിംഗ് ആയി പറഞ്ഞു പോകുന്ന കഥ ആയതുകൊണ്ട് സർവൈവൽ മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.
Verdict: Good

Tuesday, 14 January 2020

Life (2017) - 104 min

Country: USA
Director: Daniel Espinosa
Cast: Jake Gyllenhaal, Rebecca Ferguson, Ryan Reynolds & Hiroyuki Sanada.
ചൊവ്വ ഗ്രഹത്തില്‍ നിന്നും ശേഖരിച്ച് ജീവന്റെ സാമ്പിളിൽ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു ആറ് അംഗ ബഹിരാകാശ സംഘം. പ്രാഥമിക ഘട്ടത്തിൽ അവരെ ശരിക്കും അത്ഭുതപ്പെടുത്തുകയാണ് ഈ ജീവന്റെ അംശം ചെയ്തത്, അതിനെ അവർ വിളിക്കുന്നത് കാൽവിൻ എന്നാണ്. എല്ലാം അവര് വിചാരിച്ച പോലെ തന്നെ നല്ല രീതിയിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് കാൽവിൻ തന്റെ അതിബുദ്ധി കാണിക്കാൻ തുടങ്ങിയത്. അവൻ ആറ് ബഹിരാകാശയാത്രക്കാരെ ഓരോന്നായി വേട്ടയാടാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ സങ്കീർണമാക്കുന്നു.
ആദ്യ കാഴ്ച്ചയിൽ സിനിമ സമ്മാനിച്ച അതേ ഫ്രഷ്നസ് രണ്ടാം കാഴ്ചയിലും നൽകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. സിനിമാട്ടോഗ്രഫി, പശ്ചാത്തലസംഗീതം എല്ലാം മികച്ച നിൽക്കുന്നതായിരുന്നു, ക്ലൈമാക്സ് രംഗം ഒന്നൂടെ കാണാൻ വേണ്ടിയാണ് ഈ സിനിമ രണ്ടാം വട്ടവും മുഴുവൻ ഇരുന്ന് കണ്ടത്. Gravity സിനിമയുമായി ചില സാദൃശ്യങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ട്, എന്തായാലും അതിലും ത്രില്ലടിച്ച കാണാവുന്ന സിനിമയാണ് Life. ഒരു Claustrophobic ത്രില്ലർ എന്ന നിലയ്ക്ക് തൃപ്തി നൽകിയ ചിത്രം കൂടിയാണ് ലൈഫ്. ജേക്ക് ഗില്ലെൻഹാൽ, റെബേക്ക ഫെർഗൂസൺ, റയാൻ റെയ്നോൾഡ്സ് എന്നിവർ അഭിനയിച്ച ഈ ചിത്രം കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict: Good

Sunday, 12 January 2020

The Witch Part 1: The Subversion (2018) - 125 min

Country: South Korea
Director: Park Hoon-jung
Cast: Kim Da-mi, Jo Min-su, Choi Woo-shik & Park Hee-soon.
പത്ത് വർഷങ്ങൾക്ക് മുമ്പ് Ja-yoon എന്ന കൊച്ചു പെൺകുട്ടി ഒരു പരീക്ഷണ കേന്ദ്രത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇപ്പോ അവൾ തന്റെ വളർത്തച്ഛനെയും അമ്മയെയും സഹായിച്ച സുഖമായി ജീവിച്ചു വരികയാണ്. പെട്ടെന്ന് കാശിനു കുറച്ച് ആവശ്യം വന്നപ്പോൾ അവൾ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും, തുടർന്ന് അവളെ അന്വേഷിച്ച് ആൾക്കാർ വരാൻ തുടങ്ങുന്നതോടെ കഥയുടെ ഗതി തന്നെ മാറുന്ന.
ഒരു X-Men ചിത്രം കാണുന്ന ഫീൽ, അതാണ് ഈ സിനിമ നൽകിയതെന്ന് വേണമെങ്കിൽ പറയാവുന്നതാണ്. ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. Train to busan, Parasite എന്ന സിനിമകളിൽ നല്ലവനായി അഭിനയിച്ച Choi Woo-shik, ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് The Witch, അതെല്ലാം Ja-yoon ആയി അഭിനയിച്ച Kim Da-mi യുടെ പേരിൽ എന്നുമാത്രം. I Saw the devil എന്ന സിനിമയുടെ കഥാകൃത്ത്, New World ന്റെ സംവിധായകൻ ഇത് തന്നെ ധാരാളം ഈ സിനിമയെ സമീപിക്കാൻ. ഇതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
Verdict: Good

Saturday, 11 January 2020

Extreme Job (2019) - 111 min

Country: South Korea
Director: Lee Byeong-heon
Cast: Ryu Seung-ryong, Lee Hanee, Jin Seon-kyu, Lee Dong-hwi & Gong Myung.
ഒരു മയക്കുമരുന്ന് മാഫിയയെ കയ്യോടെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് Chief Go യും സംഘവും. പക്ഷേ പോലീസ് ഡിപ്പാർട്ട്മെന്റിൽ എല്ലാവരും അവരെ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത്. അങ്ങനെയിരിക്കെ മയക്കുമരുന്ന് മാഫിയയുടെ നീക്കങ്ങൾ വീക്ഷിക്കാൻ തിരക്കില്ലാത്ത ഒരു ചിക്കൻ റെസ്റ്റോറൻറ് Chief Go വിലയ്ക്ക് വാങ്ങുന്നു. അതിനുശേഷം സംഭവിക്കുന്ന രസകരമായ കഥയാണ് സിനിമയുടെ ഇതിവൃത്തം.
തുടക്കം കാണുമ്പോൾ തന്നെ മനസ്സിലാകും സിനിമ എന്താണ് നമുക്ക് നൽകാൻ പോകുന്നതെന്ന്. അത് അതേപടി ഭംഗിയായി നൽകുവാൻ സാധിച്ചിട്ടുണ്ട് ഈ സിനിമയ്ക്ക്. മുതിർന്ന ഓഫീസറുമായി സംസാരിക്കുന്നതും റെസ്റ്റോറന്റിലെ കഠിനമായ ജോലികളെ പറ്റി പറയുന്ന സന്ദർഭങ്ങളിലെല്ലാം ചിരി സമ്മാനിക്കാൻ Extreme Job ന് കഴിയുന്നുണ്ട്. Miracle in Cell No. 7 എന്ന സിനിമയിൽ നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത Ryu Seung-ryong ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരിയ കൊറിയൻ സിനിമയാണ് Extreme Job. ലോകമെമ്പാടും പ്രീതി നേടിയ Parasite ന് പോലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഈ നർമ്മത്തിൽ പൊതിഞ്ഞ ആക്ഷൻ മൂവി ഏത് പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്, വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ റിലാക്സ് ചെയ്ത് കാണാവുന്ന ഒരു കൊറിയൻ ചിത്രം.
Verdict: Good

Wednesday, 8 January 2020

Who Killed Cock Robin (2017) - 118 min

Country: Taiwan
Director: Cheng Wei-hao
Cast:Kaiser Chuang, Hsu Wei-ning, Ko Chia-yen, Christopher Lee & Mason Lee.
ജേർണലിസ്റ്റായ Wang Yi-chi യുടെ സെക്കന്റ്-ഹാന്റ് കാര്‍ ഒരു അപകടത്തിൽ പെടുന്നു. മെക്കാനിക്കിന്റെ അടുത്ത് കാർ നന്നാക്കാൻ കൊണ്ട് ചെന്നപ്പോൾ അയാൾ അറിഞ്ഞത് ഈ കാറിൻറെ മിക്ക ഭാഗങ്ങളും വേറെ ഏതോ കാറിൻറെ ആണെന്ന്. Wang ആ കാറിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി, അത് ചെന്നെത്തിയത് ഒൻപത് വർഷങ്ങൾക്ക് മുമ്പ് Wang കാണാനിടയായ ഒരു കാർ അപകടത്തിൽ ആണ്.
ഇൻവെസ്റ്റിഗേഷൻ സിനിമ അർഹിക്കുന്ന വേഗത ഈ സിനിമയ്ക്കുണ്ട്, പിന്നെ ചില സ്ഥലങ്ങളിൽ തായ്‌വാനിലെ ജീവിതമൊക്കെ ലഘുവായി പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട് സംവിധായകനായ Cheng Wei-hao. അതെല്ലാം സിനിമയിലെ കഥാപാത്രങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ വഴിയൊരുക്കുകയാണ് ചെയ്തത്. സിനിമയുടെ അവസാന രംഗങ്ങളിലെ പശ്ചാത്തലസംഗീതം നൽകുന്ന എനർജി പറഞ്ഞ് അറിയിക്കാവുന്നതിലും വലുതാണ്, ആ ഒരു നിമിഷം ആരാണെങ്കിലും ഒന്ന് ആശിച്ചു പോകും അവിടെ സിനിമ തീരല്ലെന്ന്. ക്രൈം ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർ വേറെ ഒന്നും തന്നെ ചിന്തിക്കേണ്ട കാര്യമില്ല ധൈര്യമായി കണ്ടോളൂ ഈ തായ്‌വാന്‍ ചിത്രം.
Verdict: Good

Sunday, 5 January 2020

Joker (2019) - 122 min

Country: USA
Director: Todd Phillips
Cast: Joaquin Phoenix, Robert De Niro, Zazie Beetz & Frances Conroy.
ഒരുനാൾ താനും നല്ലൊരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിത്തീരുമെന്ന് സ്വപ്നം കണ്ടു നടക്കുന്ന ഒരു സാധു മനുഷ്യനാണ് ആർതർ. സമൂഹം പക്ഷേ അയാളെ ഉപദ്രവിക്കുകയും പരിഹസിക്കുകയും മാത്രമാണ് ചെയ്തിരുന്നത്. അങ്ങനെയുള്ള സമൂഹത്തിൽ ഏതൊരു വ്യക്തിയുടെ സ്വഭാവത്തിലും ചില മാറ്റങ്ങൾ വരാനിടയുണ്ട്. ആ മാറ്റങ്ങളാണ് ജോക്കർ എന്ന സിനിമ പ്രതിപാദിക്കുന്നത്.
വാക്കിൻ ഫീനിക്സ് ആണ് ജോക്കർ ആയി ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. മറ്റു ജോക്കർ സിനിമകളിൽ എല്ലാം തന്നെ ജോക്കറിനെ ഒരു വില്ലൻ കഥാപാത്രമായി ആദ്യമേ ചിത്രീകരിക്കുകയായിരുന്നു. പക്ഷേ ഇതിൽ ജോക്കർ ആയി തിരുവാനുള്ള സാഹചര്യം വ്യക്തമായി കാണിച്ചുതരുന്നുണ്ട് സംവിധായകൻ. 1976ൽ ഇറങ്ങിയ ടാക്സി ഡ്രൈവറും 1982ൽ പുറത്തിറങ്ങിയ ദ കിംഗ് ഓഫ് കോമഡിയിൽ നിന്നും ചെറുതായി പ്രചോദനം കൊണ്ടതായി തോന്നി ഈ വാക്കിൻ ഫീനിക്സ് ചിത്രം. വാക്കിൻ ഫീനിക്സ് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ അർഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
സംവിധായകനായ ടോഡ് ഫിലിപ്സ് വാക്കിനെ മനസ്സിൽ കണ്ട് എഴുതിയ കഥയാണ്. ആർതർ പൂർണ്ണമായി ജോക്കറായി മാറുന്ന രംഗം ടോഡ് ഫിലിപ്സ് എഴുതിയിരുന്നത് വേറെ രീതിയിലായിരുന്നു. ആ സീൻ ഷൂട്ട് ചെയ്യുന്നതിനുമുമ്പ് വാക്കിനുമായി അതിനെക്കുറിച്ച് സംസാരിക്കുകയും, വാക്കിനാണ് സിനിമയിൽ കാണിക്കുന്ന രംഗമായിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായിരിക്കുമെന്ന് പറഞ്ഞത്. സിനിമയ്ക്കുവേണ്ടി വാക്കിൻ ഭാരം കുറച്ചത് ദിവസം ഒരു ആപ്പിൾ മാത്രം കഴിച്ചാണ്. ഇതുപോലെയുള്ള കുറച്ച് കാര്യങ്ങൾ മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള സ്പെഷ്യൽ ഫീച്ചേഴ്സിൽ പറഞ്ഞു പോകുന്നുണ്ട്.
Verdict: Good

Saturday, 4 January 2020

Focus (2015) - 104 min

Country: USA
Director: Glenn Ficarra & John Requa
Cast: Will Smith & Margot Robbie
ആൾക്കാരെ കബളിപ്പിച്ച അവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുക്കുന്നതിൽ പ്രഗല്ഭനാണ് നിക്കി. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന നിക്കിനെ ജെസ് വശീകരിച്ച് അവളുടെ മുറിയിലേക്ക് കൊണ്ടുപോയി. പണം തട്ടിയെടുക്കുക തന്നെയാണ് അവളുടെ ലക്ഷ്യം.
അമേരിക്കൻ സ്ലൈറ്റ്-ഓഫ്-ഹാൻഡ് ആർട്ടിസ്റ്റ് ആയ അപ്പോളോ റോബിൻസ് ആണ് സിനിമയിലെ മോഷണ രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. വിൽ സ്മിത്തിന്റെയും മാർഗോട്ട് റോബിയുടെയും കെമിസ്ട്രി തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിൻറ്. അവർ അവരുടെ കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലും ഭംഗിയിൽ മാർഗോട്ട് റോബിനെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച സിനിമയാണ് ഫോക്കസ്. ഒരു പോപ്പ്കോൺ സിനിമ എന്ന നിലയ്ക്ക് സമീപിക്കാം, ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല. ഈ സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കാനുള്ളതാണ്.
Verdict: Good