Friday, 31 July 2020

Alive (2020) - 99 min

Country: South Korea
Director: Cho Il-hyung
Cast: Yoo Ah-in, Park Shin-hye.
നല്ല ഉറക്കത്തിന് ശേഷം Joon-woo നേരെ പോയത് കൂട്ടുകാരുമായി ഓൺലൈൻ ഗെയിം കളിക്കാനാണ്, അപ്പോഴാണ് ആ വാർത്ത ആദ്യമായി കേൾക്കുന്നത്. പുറത്തേക്ക് നോക്കിയ Joon-woo കണ്ടത് മനുഷ്യർ മനുഷ്യരെ തന്നെ കടിച്ചു കീറുന്നതാണ്.
ഈ സിനിമയുടെ തുടക്കം കണ്ടപ്പോൾ Shaun of the Dead ഓർമ്മ വന്നു, ഏകദേശം അതുപോലെ തന്നെയാണ് ആദ്യ സീൻ എടുത്തിരിക്കുന്നത്. സാധാരണ കണ്ടുവരുന്ന Zombie സിനിമകളിൽ നിന്നും ഒരു ചെറിയ വ്യത്യാസം തോന്നുന്നുണ്ട്. ജീവൻ രക്ഷിക്കാൻ വേണ്ടി കുറേ ദൂരം സഞ്ചരിക്കുന്ന പ്രവണത ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയില്ല, മറിച്ച് റൂമിൽ നിന്നും പുറത്തിറങ്ങാതെ ഉള്ള ഭക്ഷണം വച്ച് ജീവൻ നിലനിർത്താൻ നോക്കുന്ന നായകനെയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. രണ്ട് അപ്പാർട്ട്മെൻറ് ഇടയിൽ നടക്കുന്ന കഥയാണ്, മടുപ്പില്ലാതെ കണ്ട് തീർക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് Alive.
Verdict: Average

Thursday, 23 July 2020

Servant (2019) - TV Series

Country: USA
Director: Tony Basgallop
Cast: Lauren Ambrose, Toby Kebbell, Nell Tiger Free, Rupert Grint.
നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ വരുന്ന പതിനെട്ട് വയസുള്ള ലിയാൻ എന്ന നാനിയുടെ കഥയാണ് Servant പറയുന്നത്. നിഗൂഢതകൾ നിറഞ്ഞ വീടും ആളുകളുമാണ് അവിടെ താമസിക്കുന്നത്.
M. Night Shyamalan എന്ന പേര് കണ്ടതുകൊണ്ട് മാത്രം കാണാനിടയായ ഒരു ടിവി സീരിയസാണ് Servant. ഇറങ്ങിയ ദിവസം തന്നെ മൂന്ന് എപ്പിസോഡുകൾ കണ്ടിരുന്നു, പിന്നീടുള്ള ഓരോ എപ്പിസോഡുകളും ആഴ്ചകൾ തോറും ആണെന്നറിഞ്ഞപ്പോൾ അവിടെ വച്ച് നിർത്തുകയായിരുന്നു. ഈ അടുത്താണ് ഇത് മുഴുവൻ കാണാൻ ഒരു അവസരം കിട്ടിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള ഓരോ എപ്പിസോഡുകൾ, അങ്ങനെ പത്ത് എപ്പിസോഡുകൾ ആണ് ഇതിലുള്ളത്. അതിൽ തന്നെ രണ്ട് എപ്പിസോഡ് M. Night Shyamalan ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരാൾ തന്നെ പത്ത് എപ്പിസോഡും സംവിധാനം ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു എന്ന് തോന്നി. വേണമെങ്കിൽ ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാം ഈ സീരിയസ്, Psychological - Horror സബ്ജക്ടുകൾ താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം.
Verdict: Good

Sunday, 19 July 2020

The Testament (2017) - 91 min

Country: Israel
Director: Amichai Greenberg
Cast: Ori Pfeffer, Rivka Gur, Hagit Dasberg, Ori Yaniv.
ഹോളോകോസ്റ്റിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോക്ടറാണ് യോയൽ ഹാൽബർസ്റ്റാം, അദ്ദേഹമൊരു ഓർത്തഡോക്സ് ജൂതൻ കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട 200 ഹംഗേറിയൻ ജൂതന്മാരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കക്ഷി.
സിനിമയുടെ മുക്കാൽ ശതമാനവും നമ്മൾ കണ്ടുകൊണ്ടിരുന്ന നായകൻ തന്നെയാണോ അവസാനം നമുക്ക് മുന്നിൽ വരുന്നതെന്ന് ഒരു സംശയം തോന്നിയേക്കാം, അത് തികച്ചും സ്വാഭാവികം മാത്രമാണ്. ഇതും ഒരു തരത്തിൽ അന്വേഷണം തന്നെയാണ്, കൊലയാളിയെ കണ്ടുപിടിക്കുന്ന കുറ്റന്വേഷണ ചിത്രത്തേക്കാൾ ഇഷ്ടം ഇങ്ങനെയുള്ള സിനിമകളോടാണ്. മിസ്ട്രി-ത്രില്ലർ ഗണത്തിൽ വരുന്ന സിനിമയൊന്നുമല്ല, ഒരു സാധാരണ ഡ്രാമ ചിത്രം. ഡ്രാമയാണെങ്കിലും ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല, താല്പര്യമുള്ളവർക്ക് കാണാം.
Verdict: Good

Friday, 17 July 2020

The Visit (2015) && Unsane (2018)

The Visit (2015)
ബെക്കയും ടൈലറും അവരുടെ അമ്മ വീട്ടിലേക്ക് ആദ്യമായി യാത്ര പോവുകയാണ്. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ അഞ്ചുദിവസം ചിലവഴിക്കാനാണ് അവരുടെ ഉദ്ദേശം. അല്ല ഇതിൽ ഇപ്പൊ എന്താ പ്രശ്നം എന്ന് ചോദിച്ചാൽ, ഓരോ കീഴ്‌വഴക്കങ്ങൾ അല്ലേ രാത്രി ഒൻപതര കഴിഞ്ഞാൽ റൂമിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ഇനി പുറത്തിറങ്ങിയാൽ എന്ത് പറ്റുമെന്ന് അറിയാൻ സിനിമ കാണുക.
Unsane (2018)
തന്നെ ആരോ പിന്തുടരുന്നതായി അവൾക്കൊരു സംശയം. ഈ കാര്യം അവൾ മറ്റൊരാളുമായി പങ്കുവയ്ക്കുന്നു. പിന്നീട് അവൾ നേരിടേണ്ടിവരുന്ന അവസ്ഥയാണ് ചിത്രം കാണിച്ചുതരുന്നത്. ഈ സിനിമയിൽ ഒരു പ്രമുഖ നടൻ അതിഥി വേഷം ചെയ്യുന്നുണ്ട്. മികച്ച നടനുള്ള ഓസ്കാർ കിട്ടേണ്ടിയിരുന്ന നടനാണ്, ഇതിൽ പെട്ടെന്ന് കണ്ടപ്പോൾ നായികയുടെ അവസ്ഥ നമുക്ക് ആണോന്ന് തോന്നിപ്പോകും. IPhone 7 plus ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
Verdict: Good

Sunday, 5 July 2020

Tremors (2019) - 107 min

Country: Guatemala
Director: Jayro Bustamante
Cast: Juan Pablo Olyslager, Diane Bathen, Mauricio Armas Zebadúa.
പാബ്ലോയ്ക്ക് ഒരു കുടുംബമുണ്ട്, സുന്ദരിയായ ഭാര്യ രണ്ട് കുട്ടികൾ പിന്നെ ബന്ധുക്കൾ അങ്ങനെയെല്ലാം. അയാൾ ഒരു സത്യം അവരുമായി പങ്കുവയ്ക്കുന്നു, തുടർന്ന് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.
ഒരു കൊച്ചുകുട്ടി അവന്റെ ചേച്ചിയോട് ചോദിക്കുകയാണ്, അച്ഛൻറെ അസുഖം എനിക്കും ഉണ്ടാക്കുമോ, അങ്ങനെ ഉണ്ടെങ്കിൽ സ്വർഗ്ഗത്തിൽ പോകില്ലെന്ന് ചേച്ചിയുടെ മറുപടി. മൂത്തോൻ സിനിമയിൽ അമീറിന്റെ ഒരു ചിരിയുണ്ട് അക്ബറിനെ കാണുമ്പോൾ, ആ രംഗത്തെ ഓർമിപ്പിക്കുന്ന ഒരു സന്ദർഭം ഈ സിനിമയിലുണ്ട്. അതുപോലെ ചില സ്ഥലങ്ങളിൽ ട്രാൻസ് സിനിമയിലെ പാസ്റ്റർ സംസാരിക്കുന്നത് പോലെ തോന്നുകയും ചെയ്തു. Jayro Bustamante സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് Tremors, ആദ്യ ചിത്രം Ixcanul കണ്ടിട്ടുണ്ടെങ്കിൽ ഈ ചിത്രവും നിങ്ങൾക്ക് ഇഷ്ടമാകും.
Verdict: Good

Thursday, 2 July 2020

Blow the Man Down (2019) - 91 min

Country: USA
Directors: Bridget Savage Cole, Danielle Krudy
Cast: Morgan Saylor, Sophie Lowe, Annette O'Toole, Marceline Hugot.
അമ്മയുടെ മരണം സഹോദരിമാരായ പ്രിസ്‌കില്ലയും മേരിയേയും മാനസികമായി തളർത്തിയിരിക്കുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം മേരി ചേച്ചിയുമായി വഴക്കിട്ട് അടുത്തുള്ള ബാറിലേക്ക് പോകുന്നു. അവിടെ വച്ച് ഒരാളെ പരിചയപ്പെടുകയും അയാളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തീരുമാനിക്കുന്നു.
'Desperate Times, Desperate Measures'
ജോർജ്ജ്കുട്ടിയുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വരുന്ന കഥ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഇവിടെ മേരി ആ അതിഥിയെ ക്ഷണിക്കുകയാണ് ചെയ്തത്. എന്തൊക്കെയാണെങ്കിലും രണ്ട് അതിഥികളും ചെന്നെത്തുന്നത് ഒരു സ്ഥലത്ത് തന്നെയാണ്. സിനിമാ നിരൂപകരിൽ നിന്ന് പൊതുവേ നല്ല അഭിപ്രായങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. ട്രിബിക്ക ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. Black comedy ഗണത്തിൽ വരുന്ന ഈ അമേരിക്കൻ ചിത്രം മടുപ്പില്ലാതെ ഒരുതവണ കാണാനുള്ളത് സമ്മാനിക്കുന്നുണ്ട്.
Verdict: Good