Saturday 30 November 2019

World War Z (2013) - 116 min

Country: USA
Director: Marc Forster
Cast: Brad Pitt, Mireille Enos & James Badge Dale.
മുൻ യു.എൻ ജീവനക്കാരനായ ജെറി ലെയിനും ഫാമിലിയും ഒരു യാത്രയിലാണ്. അപ്പോഴാണ് ജെറി പോലീസിന്റെ മുന്നറിയിപ്പ് കേൾക്കാനിടയായത്. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നതായി ജെറിക്ക് തോന്നി, ഉടനെ തന്നെ ഭാര്യയേയും മക്കളെയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതോടെ കഥ ആരംഭിക്കുന്നു.
Leonardo DiCaprio യുടെ പ്രൊഡക്ഷൻ കമ്പനിയായ Appian Way യും Brad Pitt ന്റെ Plan B Entertainment യും തമ്മിൽ നടന്ന കടുത്ത ലേലം വിളിക്ക് ഒടുവിലാണ് ബ്രാഡ് പിറ്റ് ഈ സിനിമയുടെ ചലച്ചിത്ര അവകാശങ്ങൾ സ്വന്തമാക്കിയത്. ആദ്യത്തെ റോഡ് സീൻ ഷൂട്ട് ചെയ്തത് സ്കോട്ട്‌ലൻഡിലെ Glasgow എന്നറിയപ്പെടുന്ന സിറ്റിയിലാണ്. അമേരിക്കയിൽ നിന്നും അങ്ങോട്ടേക്ക് നൂറിൽപ്പരം കാറുകളാണ് കയറ്റി അയച്ചത്. അതിൽ എൺപത് ശതമാനം കാറുകളും ചിത്രീകരണവേളയിൽ നശിച്ചുപോയിരുന്നു. സിനിമയിൽ ആരും അധികം അങ്ങനെ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ സിനിമയിൽ പ്രവർത്തിച്ചവർ പറഞ്ഞു പോകുന്നു സ്പെഷ്യൽ ഫീച്ചേഴ്സ് കണ്ടിരിക്കാൻ ഒരു രസമുണ്ട്. ഒരു സോംബി കൈയിൽ ഇട്ടേക്കുന്ന വിവാഹ മോതിരം ചില്ലിൽ അടിക്കുന്ന സീൻ ഇതിലുൾപ്പെടും. ഇതുവരെ ഇറങ്ങിയ സോംബി സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ കൂടെയാണ് World War Z.
Verdict: Good

Sunday 24 November 2019

Gravity (2013) - 91 min

Country: UK, USA
Director: Alfonso Cuarón
Cast: Sandra Bullock & George Clooney.
സ്പേസ് ഷട്ടിലിൽ ചില മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ് ഡോ. റയാൻ സ്റ്റോണും ലെഫ്റ്റനന്റ് മാറ്റ് കൊവാൾസ്കിയും. റയാനിന്റെ ആദ്യത്തെ ബഹിരാകാശ യാത്രയാണിത്. അപ്പോഴാണ് റഷ്യൻ മിസൈൽ അവരുടെ തന്നെ ഉപഗ്രഹത്തിൽ ഇടിച്ച് ഒരു ചെയിൻ റിയാക്ഷന് വഴിയൊരുക്കിയിട്ടുണ്ടന്ന് അവർക്ക് സന്ദേശം ലഭിക്കുന്നത്.
ഗ്രാവിറ്റി എന്ന സിനിമയെ സംവിധായകൻ വിളിക്കുന്നത് ദി ജേർണി ഓഫ് റീബർത്ത് എന്നാണ്. അങ്ങനെ കാണിച്ചുതരുന്ന ഒരു മികച്ച സീൻ സംവിധായകൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് നിർമ്മിക്കാമെന്ന് സംവിധായകൻ വിചാരിച്ച ഒരു സിനിമ കൂടിയാണ് ഗ്രാവിറ്റി. പക്ഷേ നാലു വർഷം വേണ്ടിവന്നു ഈ സിനിമ മുഴുവൻ ചിത്രീകരിക്കാൻ. സിനിമയോടൊപ്പം ലഭിക്കുന്ന മൂന്ന് മണിക്കൂറോളം നീണ്ട സ്പെഷ്യൽ ഫീച്ചേഴ്സ് സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ്. എനിക്ക് ഏറെ ഇഷ്ടം തോന്നിയ മറ്റൊരു കാര്യം അതിൽ കാണിക്കുന്ന Aningaaq എന്നാ ഷോർട്ട് ഫിലിമാണ്. സിനിമയിൽ റയാൻ Aningaaq എന്ന് കഥാപാത്രത്തിനോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്, അത് Aningaaq ന്റെ താമസ സ്ഥലമായ ഗ്രീൻലാൻഡിൽ നിന്നും കാണിക്കുന്ന മനോഹരമായ ഒരു ഷോർട്ട് ഫിലിം നമുക്ക് സമ്മാനിച്ചുകൊണ്ട് Alfonso Cuarón ഈ സിനിമ അവസാനിപ്പിക്കുന്നത്. Aningaaq എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് Alfonso Cuarón ന്റെ മകനായ Jonás Cuarón ആണ്.
Verdict: Great

Saturday 23 November 2019

The Pursuit of Happyness (2006) - 117 min

Country: USA
Director: Gabriele Muccino
Cast: Will Smith, Thandie Newton & Jaden Smith.
ബോൺ ഡെൻസിറ്റി സ്കാനർ എന്ന ഉപകരണം വിൽക്കുന്നു സെയിൽസ്മാനായി ജോലി നോക്കുന്ന വ്യക്തിയാണ് ക്രിസ് ഗാർഡ്നർ. പക്ഷേ ജീവിതത്തിൽ കുറേ പ്രതിസന്ധികൾ അദ്ദേഹത്തിന് നേരിടേണ്ടി വരികയും, അതിനെയെല്ലാം ക്രിസ് തരണം ചെയ്യാൻ നോക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
അമേരിക്കൻ സംരംഭകനായ ക്രിസ് ഗാർഡ്നറുടെ ജീവിത കഥയാണ് "ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് ". ഇമോഷണൽ സീനുകളുടെ തമ്പുരാൻ എന്ന് വിളിക്കാവുന്ന വിൽ സ്മിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ക്രിസ് ഗാർഡ്നർ. ഇംഗ്ലീഷ് അത്ര വശമില്ലാത്ത ഇറ്റാലിയൻ സംവിധായകനായ Gabriele Muccino ഈ സിനിമയിൽ എങ്ങനെ എത്തിച്ചേർന്നുവെന്നും, Gabriele തൻറെ കാഴ്ചപ്പാടുകൾ എല്ലാവരിലേക്കും എത്തിക്കാൻ നോക്കുന്ന രസകരമായ കാഴ്ചകളും സ്പെഷ്യൽ ഫീച്ചേഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ ആദ്യദിനം മുതൽ ക്രിസ് ഗാർഡ്നർ ഈ സിനിമയുടെ ഒപ്പമുണ്ടായിരുന്നു. അവസാന സീനിൽ ക്രിസ് ഗാർഡ്നർ ഒരു മിന്നായം പോലെ വിൽ സ്മിത്തിന്റെ അടുത്തൂടെ നടന്നു പോകുന്നതും കാണാം.
Verdict: Great

Monday 18 November 2019

The Prestige (2006) - 130 min

Country: UK, USA
Director: Christopher Nolan
Cast: Hugh Jackman, Christian Bale, Michael Caine, Scarlett Johansson & Rebecca Hall.
സുഹൃത്തുക്കളായിരുന്ന ആഞ്ചിയറും ബോര്ടനും ഇപ്പോൾ ജന്മ ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. എല്ലാത്തിനും കാരണം അവരുടെ മാജിക്കാണ്, ഒരാൾ ചെയ്യുന്ന മാജിക് ട്രിക്ക് മറ്റേയാൾ അതിലും മികച്ച രീതിയിൽ കാണിക്കാൻ ശ്രമിക്കുന്നതോടെ കാര്യങ്ങൾ വഷളാകുന്നു.
Are you watching closely?
ആദ്യമായി ദി പ്രസ്റ്റീജ് കാണുന്ന സമയത്ത് കടുത്ത ഹ്യൂഗ് ജാക്ക്മാൻ ഫാൻ ആയിരുന്നു, അതുകൊണ്ട് ക്രിസ്ത്യൻ ബെയ്ലിന് അധികം ശ്രദ്ധ നൽകിയില്ല, വേണ്ടപ്പെട്ട പല കാര്യങ്ങളും അപ്പോഴേ കയ്യിൽ നിന്നും നഷ്ടമായി. ഇന്നിപ്പോ രണ്ടാം വട്ടം കണ്ടപ്പോൾ കണ്ണ് മുഴുവനും ക്രിസ്ത്യൻ ബെയ്ലിന്റെ കഥാപാത്രത്തിൽ ആയിരുന്നു. അതിനുള്ള കാരണം അദ്ദേഹം തന്നെ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ആദ്യമായി ഈ സിനിമ കാണുമ്പോൾ പല ചെറിയ സംഭാഷണങ്ങളും അറിഞ്ഞോ അറിയാതെയോ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നുണ്ട്, എല്ലാം മനസ്സിലാക്കി കഴിഞ്ഞു ഒന്നൂടെ അത് കാണുമ്പോഴാണ് സംവിധായകൻ പറയാതെ പറഞ്ഞുപോകുന്ന പല രഹസ്യങ്ങളുടെയും ചുരുളഴിയുന്നത്. സിനിമയോടൊപ്പം ലഭിക്കുന്ന സ്പെഷ്യൽ ഫീച്ചേഴ്സ് നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നായി തോന്നിയില്ല, അരമണിക്കൂറിൽ താഴെയുള്ള ഡോക്യുമെന്ററിയിൽ, അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ചവരും അവരുടെ അനുഭവം ലളിതമായി പറഞ്ഞു പോകുന്നുണ്ട്. കൂടെ സിനിമയുടെ മനോഹരമായ കുറച്ച് ചിത്രങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Verdict: Great

Sunday 17 November 2019

Zodiac (2007) - 162 min

Country:USA
Director: David Fincher
Cast: Jake Gyllenhaal, Mark Ruffalo, Robert Downey Jr, Anthony Edwards & Brian Cox.
സോഡിയാക് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൊലയാളിനെക്കുറിച്ചുള്ള കഥയാണ് ഈ സിനിമ. 1960-1970 കാലഘട്ടത്തിൽ ആണ് കൊലപാതകങ്ങൾ നടന്നത്, ഇന്നും ചർച്ചചെയ്യപ്പെടുന്ന ചുരുക്കം ചില കേസുകളിൽ ഒന്നാണിത്.
1986ൽ പുറത്തിറങ്ങിയ സോഡിയാക് എന്ന് ബുക്കാണ് ഈ സിനിമ നിർമ്മിക്കാനുള്ള പ്രചോദനമായത്. എന്നുവച്ച് ആ ബുക്ക് അതേപടി സിനിമയാക്കുകയല്ല അവർ ചെയ്തത്, മറിച്ച് സിനിമയുടെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർ മൂന്നു വർഷം ഇതിന്റെ പുറകെ നടന്നു. ആ കേസുമായി ബന്ധമുള്ള ആൾക്കാരുമായി സംസാരിച്ച അവരിൽ നിന്ന് സിനിമയ്ക്ക് ആവശ്യമായുള്ള കാര്യങ്ങൾ മനസ്സിലാക്കി, അതിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. Jake Gyllenhaalന്റെ കഥാപാത്രമായ റോബർട്ട് കാറിൽ ഇരുന്ന് ഒരു പുസ്തകം മാറ്റുന്ന സീൻ ആണ് ചിത്രീകരിക്കുന്നത്, David fincher എന്ന സംവിധായകൻ Jakeനെ കൊണ്ട് 36 തവണ ആ ഒരു സീൻ ചെയ്യിപ്പിച്ചു. ചെറിയ മുഖഭാവങ്ങൾ പോലും വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സംവിധായകനാണ് David fincher. ഇതുപോലെ കുറെ കാര്യങ്ങൾ പറഞ്ഞ് പോകുന്നുണ്ട് Zodiac Deciphered എന്ന് ഡോക്യുമെന്ററിയിൽ. സ്പെഷ്യൽ ഫീച്ചേഴ്സ് ഒരു അത്ഭുതമായി തോന്നിയത് This is the Zodiac Speaking, His Name Was Arthur Leigh Allen ഡോക്യുമെന്ററികൾ കണ്ടപ്പോളാണ്. This is the Zodiac Speakingൽ പണ്ട് നടന്ന ആ കേസിനെ കുറിച്ചും അത് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നതും, സോഡിയാക് കില്ലറിൽ നിന്നും രക്ഷപ്പെട്ടവരുടെ അനുഭവങ്ങളും കാണാൻ സാധിക്കും. His Name Was Arthur Leigh Allen ആകട്ടെ Allenന്റെ കൂട്ടുകാരും അയാളെക്കുറിച്ച് അറിയാവുന്നവരും സംസാരിക്കുന്ന ഡോക്യുമെൻററിയാണ്. അതിൽ കുറച്ചു പേര് വിശ്വസിക്കുന്നു അയാളാണ് സോഡിയാക് കില്ലറെന്ന്, അല്ലെന്ന് വിശ്വസിക്കുന്നവരെയും അതിൽ കാണാം.
Verdict: Great

Saturday 16 November 2019

Edge of Tomorrow (2014) - 113 min

Country: USA
Director: Doug Liman
Cast: Tom Cruise & Emily Blunt.
ഉയർന്ന ഓഫീസറായ General Brighamനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച Williamനെ കാത്തിരുന്നത് അതിലും വലിയൊരു വിപത്താണ്. മിമിക്സ് എന്ന് വിശേഷിപ്പിക്കുന്ന ഏലിയൻസിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ നോക്കുന്ന ദൗത്യത്തിൽ അംഗം ആകേണ്ടി വരുന്ന William Cageന്റെ കഥയാണ് സിനിമ പറയുന്നത്.
ടോം ക്രൂയിസിന്റെ ട്രേഡ് മാർക്ക് എന്ന് വിശേഷിപ്പിക്കുന്ന ബൈക്ക് റൈഡിങും ഓട്ടവും ചെറുതായിട്ട് ആണെങ്കിലും ഈ സിനിമയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമ ആദ്യം കണ്ടപ്പോൾ മുഴുവൻ CGI വർക്ക് ആയിരിക്കുമെന്ന് തോന്നിയത്, അതെല്ലാം തെറ്റെന്ന് കാണിച്ചുതന്നത് സിനിമയിലുള്ള സ്പെഷ്യൽ ഫീച്ചേഴ്സ് ആണ്. ലണ്ടനിലാണ് സിനിമ ഷൂട്ട് ചെയ്തത്, ആറു മാസം വേണ്ടിവന്നു അവർക്ക് ഈ സിനിമ മുഴുവൻ ഷൂട്ട് ചെയ്ത അവസാനിപ്പിക്കാൻ. സിനിമയിൽ ഏറ്റവും കൂടുതൽ തവണ കാണിക്കുന്ന സീൻ ആണ് ബീച്ചിലെ അറ്റാക്ക് സീൻ. ബീച്ച് സെറ്റ് സിനിമയിൽ കാണുന്ന രൂപത്തിൽ അവർ ഉണ്ടാക്കിയെടുത്തതാണ്. 45 കിലോ ഭാരം വരുന്ന military suit സിനിമയ്ക്കുവേണ്ടി മാത്രം നിർമ്മിച്ചതാണ്. സിനിമയിൽ അഭിനയിച്ച ഒട്ടു മിക്ക കഥാപാത്രങ്ങളും ഈ ഭാരം ചുമന്ന കൊണ്ടാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. പൂർത്തിയാകാത്ത തിരക്കഥയുമായി സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഇത് മൂന്നാം തവണയാണ് Doug Liman. ഇതിനുമുമ്പ് അങ്ങനെ ചെയ്തത് രണ്ടു ചിത്രങ്ങളാണ് ദി ബോൺ ഐഡന്റിറ്റിയും, മിസ്റ്റർ ആൻഡ് മിസ്സ് സ്മിത്തും.
Verdict: Good

Sunday 10 November 2019

Train to Busan (2016) - 118 min

Country: South Korea
Director: Yeon Sang-ho
Cast: Gong Yoo, Ma Dong-seok, Jung Yu-mi & Kim Su-an.
ഫണ്ട് മാനേജർ ആയി ജോലി നോക്കുന്ന Seok-woo തൻറെ മകളുടെ ആവശ്യപ്രകാരം ബുസാനിലേക്ക് പോകുന്ന ട്രെയിനിൽ യാത്ര ചെയ്യുകയാണ്. സോമ്പി വൈറസ് പിടിപെട്ട ഒരു സ്ത്രീ ട്രെയിനിലേക്ക് ഓടിക്കയറുന്നതോടെ സ്ഥിതിഗതികൾ മാറിമറിയുകയാണ്.
ട്രെയിൻ ടു ബുസാൻ എന്ന സിനിമ കൊണ്ട് കരിയറിന്റെ ഗതി തന്നെ മാറിപ്പോയത് Ma Dong-seokന്റെ ആണ്. ചെറിയ കഥാപാത്രങ്ങൾ ചെയ്ത സപ്പോർട്ടിംഗ് കാസ്റ്റിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന Ma Dong-seok ഇന്ന് കൊറിയൻ സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കാൻ കാരണം ഈ സിനിമയിലെ അഭിനയമാണ്. കൊറിയൻ സിനിമകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമാണ് ഇമോഷണൽ സീൻസ്. ഈ സിനിമയിലും ഉണ്ട് അതുപോലെ ഹൃദയസ്പർശിയായ നിമിഷങ്ങൾ. മുപ്പതു മിനിറ്റിൽ താഴെ വരുന്ന സിനിമയുടെ എക്സ്ട്രാസ് ആദ്യമായിട്ടാണ് കാണുന്നത്. ഈ സിനിമയിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത Gong Yoo തൻറെ സിനിമയിലെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. പിന്നെ സിനിമയുടെ ചിത്രീകരണ വേളയിൽ സംഭവിക്കുന്ന രസകരമായ കാഴ്ചകളും കാണാൻ സാധിക്കും.
Verdict: Good

Thursday 7 November 2019

The Milk of Sorrow (2009) - 95 min

Country: Peru
Language: Spanish, Quechua
Director: Claudia Llosa
Cast: Magaly Solier, Susy Sánchez & Efrain Solís.
മിൽക്ക് ഓഫ് സോറോ എന്ന് വിശേഷിപ്പിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗത്തിൻറെ പിടിയിലാണ് Fausta. മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുന്നതിനു അവൾക്ക് പറയുവാൻ വ്യക്തമായ ഒരു കാരണമുണ്ട്.
പ്രമേയം കൊണ്ട് വേറിട്ട അനുഭവമാണ് ദി മിൽക്ക് ഓഫ് സോറോ കാഴ്ചക്കാരന് സമ്മാനിക്കുന്നത്. അവിടെ തുച്ഛമായ കാശിന് മേടിക്കാൻ കിട്ടുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. Faustaനെ നീചമായ കണ്ണുകളിൽനിന്നും രക്ഷിക്കുന്നതും ആ പച്ചക്കറിയാണ്. ഒപ്പം ചില സന്ദർഭങ്ങളിൽ അവളെ മുറിവേൽപ്പിക്കാനും അതിന് സാധിക്കുന്നുണ്ട്. ഉരുളക്കിഴങ്ങലൂടെ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല, അവസാനരംഗം അത് ശരിയെന്ന് തെളിയിക്കുകയും ചെയ്തു. പെറു ഇതുവരെ ഇരുപത്തിയാറ് സിനിമകൾ ഓസ്കാർ കമ്മിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്, അതിൽ ദി മിൽക്ക് ഓഫ് സോറോ മാത്രമാണ് മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ വിഭാഗത്തിൽ നോമിനേഷൻ കരസ്ഥമാക്കിയിട്ടുള്ളത്.
Verdict: Good