Tuesday 31 March 2020

Land of Mine (2015) - 100 min

Country: Denmark, GERMANY
Director: Martin Zandvliet
Cast: Roland Møller, Mikkel Følsgaard, Laura Bro, Louis Hofmann & Joel Basman.
ഒരു കൂട്ടം ജർമ്മൻ തടവുകാരെ ഡാനിഷ് സൈന്യത്തിന് കൈമാറുകയാണ്, ജർമ്മൻ സൈന്യം കുഴിച്ചിട്ട മൈനുകൾ നീക്കംചെയ്യുന്നതിന് അവരെ ഉപയോഗിക്കാനാണ് ഡാനിഷ് സൈന്യത്തിന് കിട്ടിയ ഉത്തരവ്.
89-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ സിനിമകളുടെ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ സിനിമ ആ പുരസ്കാരം അർഹിച്ചിരുന്നു. പക്ഷേ അവാർഡ് ലഭിച്ചത് Asghar Farhadi സംവിധാനം ചെയ്ത The Salesman എന്ന സിനിമയ്ക്കാണ്, കാരണം Donald Trump ന്റെ പ്രസ്ഥാവന. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം ജർമ്മൻ തടവുകാരുടെ ഉറക്കമില്ലാത്ത ആ ദിവസങ്ങളുടെ കഥ പറയുന്നു. ഈ സിനിമ തിയേറ്ററിൽ നിന്ന് കാണാൻ വേണ്ടി മാത്രം ഒരു ഫിലിം ഫെസ്റ്റിവലിൽ പോയിട്ടുണ്ട്, തിയേറ്റർ എക്സ്പീരിയൻസ് ഗംഭീരമായിരുന്നു. ശ്വാസം അടക്കി പിടിച്ച് കാണേണ്ട സിനിമ, അങ്ങനെയൊന്നും ആർക്കും ചെയ്യാൻ പറ്റില്ലായിരിക്കും പക്ഷേ എനിക്ക് അങ്ങനെയൊക്കെ പറയാൻ തോന്നുന്നു.
Verdict: Great

Sunday 29 March 2020

Department Q Franchise

1) The Keeper of Lost Causes (2013)
2) The Absent One (2014)
3) A Conspiracy of Faith (2016)
4) The Purity of Vengeance (2018)
Jussi Adler-Olsen ന്റെ നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ചിത്രങ്ങളാണ് ഇവയെല്ലാം. അഞ്ച് വർഷങ്ങൾക്കിടയിൽ ഇറങ്ങിയ നാല് ഇൻവെസ്റ്റിഗേഷൻ മൂവീസ്. മരവിച്ചുപോയ കേസുകൾ കൈകാര്യം ചെയ്യുന്ന ഡിപ്പാർട്മെന്റിന്റെ മേൽനോട്ടക്കാരനാണ് Carl Mørck. അയാൾ തിരഞ്ഞെടുക്കുന്ന കേസുകളാണ് ഓരോ സിനിമയിലും.
Mkvcage എന്നൊരു സൈറ്റ് ഉണ്ടായിരുന്നു പുതിയ സിനിമകൾ വന്നിരുന്ന ഒരു സ്ഥലം. അതിലെ സ്ഥിരം സന്ദർശകനായിരുന്നു, അങ്ങനെ ഒരു ദിവസം അതിൽ വന്ന സിനിമയാണ് The Keeper of Lost Causes. ഇൻവെസ്റ്റിഗേഷൻ സിനിമകൾ ഹരംകൊള്ളിക്കുന്ന സമയത്താണ് ഇത് കണ്ണിൽ പെടുന്നത്. പ്ലോട്ട് വായിച്ചപ്പോൾ കാണാൻ തോന്നി, കണ്ടു കഴിഞ്ഞപ്പോൾ നല്ലൊരു സിനിമ കണ്ടതിന്റെ സന്തോഷം മുഖത്ത്. സിനിമയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി അപ്പോഴാണ് ഈ സിനിമയ്ക്കൊരു രണ്ടാം ഭാഗം ഉണ്ടെന്ന് അറിഞ്ഞത്. Mkvcage നോക്കിയപ്പോൾ അവർ അതും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പിന്നീടിറങ്ങിയ രണ്ട് സിനിമകളും ആകാംഷയോടെ കാത്തിരുന്ന് കണ്ടവയാണ്. ഇന്നും ആരെങ്കിലും ഇൻവെസ്റ്റിഗേഷൻ മൂവീസ് സജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ആദ്യം പറഞ്ഞു കൊടുക്കുന്ന സിനിമയാണ് Department Q. അഞ്ചാമത്തെ സിനിമയായ The Marco Effect 2021ൽ പുറത്തിറങ്ങും, അതിനായി കാത്തിരിക്കുന്നു.
Verdict: Good

Se7en (1995) -127 min

Country: USA
Director: David Fincher
Cast: Brad Pitt, Morgan Freeman, Gwyneth Paltrow & John C. McGinley.
വിദേശ സിനിമകൾ എല്ലാം ആക്ഷൻ സിനിമയെന്ന് വിചാരിച്ച നടന്ന കാലത്താണ് Se7en ആദ്യമായി കാണുന്നത്. സബ്ടൈറ്റിൽ എന്താണെന്ന് പോലും അറിയാത്ത പ്രായം, ആരെന്തു പറഞ്ഞാലും ദൃശ്യം വഴി മനസ്സിലാക്കുന്ന കാര്യമാണ് ആ സിനിമയുടെ കഥ. സിനിമ ഒട്ടും ഇഷ്ടമായില്ല ആക്ഷൻ ഒന്നുമില്ലാത്ത ബോറ് പടം പിന്നെ നടന്മാരെയും വലിയ പരിചയമില്ല.
വർഷങ്ങൾക്കുശേഷം ഒരു ബസ് യാത്രയിൽ അടുത്തിരുന്ന സുഹൃത്ത് പുള്ളിക്ക് ഏറെ ഇഷ്ടമുള്ള സിനിമയെക്കുറിച്ച് നിർത്താതെ സംസാരിക്കുകയാണ്, അങ്ങനെയാണ് Se7en പിന്നെയും എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വീട്ടിലെത്തിയതും സിനിമ ഡൗൺലോഡ് ചെയ്ത് ഒന്നൂടെ കണ്ടുതുടങ്ങി. അപ്പോ പഴയതുപോലെയല്ല സംസാരം കഥയൊക്കെ ശരിക്കും മനസ്സിലാകുന്ന പ്രായം Brad Pitt, Morgan Freeman ഒക്കെ ആരെന്ന് ശരിക്കും അറിയാം. സിനിമ ഞാൻ വിചാരിച്ചത് പോലെ ഒന്നുമല്ലായിരുന്നു, ഫേവറേറ്റ് സിനിമകളുടെ കൂട്ടത്തിലേക്ക് അന്ന് Se7en ന് ഒരു സ്ഥാനം നൽകി ആദരിച്ചു. ഈ സിനിമയ്ക്ക് മറ്റൊരു ക്ലൈമാക്സ് ആണ് ആദ്യം വിചാരിച്ചത് അത് ഷൂട്ട് ഒന്നും ചെയ്തിട്ടില്ല പക്ഷേ അതിന്റെ സ്കെച്ച് കാണാനിടയായി. ആ ക്ലൈമാക്സാണ് സിനിമയിൽ വന്നിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ഫാൻസ് ഒന്നും സിനിമയ്ക്ക് ഉണ്ടാകില്ലായിരുന്നു.
Verdict: Great

Saturday 28 March 2020

The Boy Next Door (2015) - 90 min

Country: USA
Director: Rob Cohen
Cast: Jennifer Lopez, Ryan Guzman, John Corbett & Ian Nelson.
ഹൈസ്കൂൾ അധ്യാപികയാണ് ക്ലെയർ, ഭർത്താവുമായി വേർപിരിഞ്ഞ അവൾ ഇപ്പൊ മകനോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. എല്ലാം നല്ല രീതിയിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ഈ സിനിമയിലെ അഭിനയത്തിന് Jennifer Lopez ന് Worst Actress നോമിനേഷൻ ഒക്കെ ലഭിച്ചിട്ടുണ്ട്. പക്ഷേ ആ വർഷം അവാർഡ് കരസ്ഥമാക്കിയത് Dakota Johnson ആയിരുന്നു, Fifty Shades of Grey എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് കിട്ടിയ അംഗീകാരമായിരുന്നു അത്. ഇങ്ങനെ കഷ്ടപ്പെട്ട് അഭിനയിക്കുന്നവർക്ക് ഇതുപോലെയുള്ള അവാർഡുകൾ നൽകുന്നത് എവിടുത്തെ ന്യായമാണ്. Erotic സിനിമകൾ കാണുന്ന ഒരു വ്യക്തി ആണെങ്കിൽ ഒരു തവണ കാണുന്നതിൽ തെറ്റില്ല. ഈ സിനിമയിലെ മർമ്മപ്രധാനമായ ആ രംഗത്തെക്കുറിച്ച് ഈ പോസ്റ്റിൽ വിവരിക്കുന്നില്ല, Jennifer Lopez ഫാൻസ് എന്നോട് ക്ഷമിക്കണം.
Verdict: Mediocre

Friday 27 March 2020

The Gentlemen (2019) - 113 min

Country: USA, UK
Director: Guy Ritchie
Cast: Matthew McConaughey, Charlie Hunnam, Henry Golding, Michelle Dockery & Colin Farrell.
അമേരിക്കൻ പൗരനായ Mickey Pearson കഞ്ചാവ് ബിസിനസ്സിലെ രാജാവാണ്. പെട്ടെന്നൊരു ദിവസം ബിസിനസ് എല്ലാം മതിയാക്കാൻ അയാൾ തീരുമാനിക്കുന്നു, ഈ വാർത്ത അറിഞ്ഞതും മറ്റു വൻകിട മുതലാളിമാർ അയാളെ തേടിയെത്തുകയാണ് എന്ത് വിലകൊടുത്തും ആ ബിസിനസ് കൈക്കലാക്കാൻ.
There's only one rule in the jungle: when the lion's hungry, he eats!
നോളന്റെ ഇന്റർസ്റ്റെല്ലറിന് ശേഷം Matthew McConaughey യുടെ കാണാൻ കൊള്ളാവുന്ന സിനിമകൾ ഒന്നും തന്നെ വന്നിട്ടില്ലായിരുന്നു. അപ്പോഴാണ് Guy Ritchie യുടെ പുതിയ സിനിമയിൽ പുള്ളിക്കാരൻ അഭിനയിക്കാൻ പോകുന്ന വാർത്ത കേൾക്കുന്നത്. Lock, Stock and Two Smoking Barrels (1998), Snatch (2000) പോലെയുള്ള മാരക സിനിമകൾ സമ്മാനിച്ച സാക്ഷാൽ Guy Ritchie ആണെന്ന് ഓർക്കണം, പിന്നെ മറ്റൊന്നും ചിന്തിച്ചില്ല സിനിമ കണ്ടുതുടങ്ങി. Ritchie യുടെ പഴയ സിനിമകൾ പോലെ പതിയെ താളത്തിലേക്ക് എത്തുന്ന രീതിയാണ് ഇതിലും കാണാൻ സാധിച്ചത്. Matthew McConaughey, Charlie Hunnam, Colin Farrell പോലെയുള്ള നടന്മാരുടെ ആറ്റിട്യൂട് കൊണ്ടുള്ള അഴിഞ്ഞാട്ടമാണ് പിന്നീട് സിനിമയിൽ കണ്ടത്.
Verdict: Good

Tuesday 24 March 2020

Artificial Paradises (2012) - 96 min

Country: BRAZIL
Director: Marcos Prado
Cast: Nathalia Dill, Luca Bianchi & Lívia de Bueno.
എറികയും അവളുടെ കൂട്ടുകാരിയായ ലാറയും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്നവരാണ്. എറിക ആദ്യമായി നന്ദോനെ കാണുന്നത് ഒരു പാർട്ടിക്കിടയിൽ വച്ചാണ്. ആദ്യ കണ്ടുമുട്ടൽ ഇരുവർക്കും മറക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ സമ്മാനിക്കുന്നു.
പ്രണയം, സൗഹൃദം, നഷ്ടം, യാത്ര, സന്തോഷം, സംഗീതം എല്ലാം അടങ്ങുന്ന ഒരു ബ്രസീലിയൻ ചിത്രമാണ് Artificial Paradises. മയക്കുമരുന്നിന്റെ ഹാങ്ങോവറിൽ വസ്ത്രം പോലുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്ന നായികയും, അവളുടെ ഏത് ആഗ്രഹവും നിറവേറ്റി കൊടുക്കാൻ നടക്കുന്ന സുഹൃത്തും കൂടെ ഉണ്ടെങ്കിൽ പിന്നത്തെ കാര്യം പറയണ്ടല്ലോ. സിനിമയുടെ ക്ലൈമാക്സ് വിചാരിച്ചതുപോലെ അല്ലെന്നുള്ളതും ഒരു പോസിറ്റീവ് കാര്യമായി തോന്നി. നായകനും നായികയും കണ്ടുമുട്ടുന്ന മൂന്നു വർഷങ്ങളിലാണ് കഥ നടക്കുന്നത്. നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന സീൻ നാല് വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നതായിരിക്കും, അത് കഴിഞ്ഞു വരുന്ന സീൻ ചിലപ്പോൾ ആറു വർഷങ്ങൾക്ക് മുമ്പുള്ളതായിരിക്കും. എന്തൊക്കെ മാറിമറിഞ്ഞ വന്നാലും പ്രണയവും സൗഹൃദവും ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
Verdict: Average

Sunday 22 March 2020

Casino Royale (2006) - 144 min

Country: USA, UK, CZECH REPUBLIC, GERMANY
Director: Martin Campbell
Cast: Daniel Craig, Eva Green, Mads Mikkelsen & Giancarlo Giannini.
ബ്ലാക്ക് ആൻഡ് വൈറ്റ് ഇൻട്രോയാണ് പുതിയ ജെയിംസ് ബോണ്ടിന് വേണ്ടി കാത്തിരുന്നത്. അത് കഴിഞ്ഞ് അദ്ദേഹത്തിന്റെ മെയ് വഴക്കം കാണിച്ചുതരാൻ ഗ്രൗണ്ട് സീറോ ചെയ്‌സ് സീനും കൂടെയായപ്പോൾ ഡാനിയല്‍ ക്രെയ്ഗിന്റെ വരവ് ഗംഭീരമായി.
James Bond : No, don't worry, you're not my type.
Vesper Lynd : Smart?
James Bond : Single.
ആദ്യമായി കണ്ട ജയിംസ് ബോണ്ട് സിനിമ പിയേഴ്സ് ബ്രോസ്‌നൻ അഭിനയിച്ച Die Another Day ആണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ജെയിംസ് ബോണ്ട് എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന മുഖം അങ്ങേരുടെ തന്നെയാണ്. ഡാനിയല്‍ ക്രെയ്ഗിന് ലഭിച്ച Casino Royale പോലെയൊരു ക്ലാസ്സിക് ബോണ്ട് സിനിമ ഇല്ലെന്നത് ഒഴിച്ചാൽ പിയേഴ്സ് ബ്രോസ്‌നന് വേറെ പ്രശ്നങ്ങളൊന്നുമില്ല. ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വരുമെന്ന് കേട്ടപ്പോൾ പലരും അദ്ദേഹത്തിന്റെ ലുക്കിനെ കളിയാക്കിയവരാണ്. പിന്നീട് കാണാൻ സാധിച്ചത് ഡാനിയല്‍ ക്രെയ്ഗ് തന്റെ സിനിമ കൊണ്ട് മറുപടി നൽകുന്നതാണ്. ഫീൽഡ് ഔട്ടായ പിയേഴ്സ് ബ്രോസ്‌നനെക്കാളും ഇഷ്ടം ഇപ്പോ ഡാനിയല്‍ ക്രെയ്ഗിനോട് തന്നെയാണ്. വരാനിരിക്കുന്ന No Time To Die സിനിമയ്ക്കൊരു ക്ലാസിക്ക് ടച്ച് ഉണ്ടെങ്കിൽ പിന്നത്തെ കാര്യം പറയണ്ടല്ലോ.
Verdict: Great

Saturday 21 March 2020

The Invisible Man (2020) & The Platform (2019)

രണ്ട് വ്യത്യസ്ത ഗണത്തിൽ വരുന്ന സർവൈവൽ മൂവീസ്. അദൃശ്യ മനുഷ്യനിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്ന യുവതി ഒരുവശത്ത്, തുല്യ ഭക്ഷണം എല്ലാവർക്കും കിട്ടാൻ പരിശ്രമിക്കുന്ന യുവാവ് മറുവശത്ത്.
The Invisible Man(2020)
മാനസികമായി പീഡിപ്പിക്കുന്ന കാമുകനിൽ നിന്നും Cecilia രക്ഷപ്പെടുകയാണ്. സുഹൃത്തായ ജെയിംസിന്റെ വീട്ടിലാണ് ഇപ്പോൾ അവൾ താമസിക്കുന്നത്. വീടിന്റെ പുറത്ത് ഇറങ്ങാൻ വരെ പേടിയാണ് ഇപ്പോൾ അവൾക്ക്, അങ്ങനെയിരിക്കെ രണ്ടാഴ്ചയ്ക്കുശേഷം ഒരു സന്തോഷ വാർത്ത അവളെ തേടിയെത്തുന്നു. പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. സംഭാഷണങ്ങൾ വളരെ കുറവാണ് സിനിമയിൽ, എന്നാലും കാണാൻ ഒരു രസമുണ്ട്. അദൃശ്യ മനുഷ്യൻ ഉണ്ടോ ഇല്ലയോന്ന് കണ്ടുതന്നെ ബോധ്യപ്പെടുക.
The Platform (2019)
ഇരുന്നൂറിൽ കൂടുതൽ നിലകളുള്ള ജയിലിലെ ഒരു തടവുകാരനാണ് Goreng. എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം മുകളിലത്തെ നിലയിൽനിന്ന് വന്നുതുടങ്ങും. അതായത് ഒന്നാമത്തെ നിലയിൽ താമസിക്കുന്ന തടവുകാരൻ കഴിച്ച് ഭക്ഷണത്തിന്റെ ബാക്കിയാണ് മറ്റുള്ളവർക്ക് കിട്ടു. സിനിമയുടെ കോൺസെപ്റ്റ് വ്യത്യസ്തമായതുകൊണ്ട് ചിത്രം അവസാനിക്കുന്നത് വരെ ആകാംഷയോടെയാണ് കണ്ടുകൊണ്ടിരുന്നത്. സിനിമയുടെ ബാഗ്രൗണ്ട് സ്കോർ എല്ലാം മികച്ചതായിരുന്നു, ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കിയിരുന്നെങ്കിൽ മറ്റൊരു തലത്തിൽ എത്തിയേനെ ഈ സിനിമ.
Verdict: Good

Friday 20 March 2020

Love & Other Drugs (2010) - 112 min


Country: USA
Director: Edward Zwick
Cast: Jake Gyllenhaal & Anne Hathaway.
സംസാരം കൊണ്ട് ആരെയും വീഴ്ത്തുന്ന ഒരു വ്യക്തിയാണ് Jamie Randall, ഇലക്ട്രോണിക്സ് സ്റ്റോറിലാണ് കക്ഷി ജോലി ചെയ്യുന്നത്. മാനേജരുടെ കാമുകിയോടൊപ്പം ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടതുകൊണ്ട് അയാൾക്ക് ജോലി നഷ്ടപ്പെടുന്നു.
ജാമി റീഡിയുടെ ഹാർഡ് സെൽ: ദി എവലൂഷൻ ഓഫ് എ വയാഗ്ര സെയിൽസ്മാൻ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി Edward Zwick സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലവ് & അദർ ഡ്രഗ്സ്. Jake Gyllenhaal ന്റെയും Anne Hathaway യുടെയും കെമിസ്ട്രി തന്നെയാണ് ഇതിലെ പ്രധാന സവിശേഷത. Brokeback Mountain എന്ന സിനിമയിലാണ് ഇതിനുമുമ്പ് അവർ ഒന്നിച്ച് അഭിനയിച്ചത്. തമാശയിൽ തുടങ്ങിയ ചിത്രമാണെങ്കിൽ കൂടെ മാഗി മർഡോക്കിന്റെ രംഗപ്രവേശത്തോടെ കഥയുടെ ഒഴുക്ക് തന്നെ മാറുന്നു. സിനിമയിലെ നഗ്നരംഗങ്ങൾ ചെയ്യാൻ Anne Hathaway ക്ക് പ്രചോദനം നൽകിയത് Kate Winslet, Penélope Cruz പോലെയുള്ള നടിമാർ മുൻപ് ചെയ്ത പല കഥാപാത്രങ്ങളുമാണ്. പാർക്കിൻസൺസ് രോഗത്തെക്കുറിച്ചും അതുകാരണം ഒപ്പം കഴിയുന്നവർക്കുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും കാണിച്ചുതരുന്നുണ്ട് സിനിമ. എന്തൊക്കെ പറഞ്ഞാലും സ്നേഹത്തെ തോൽപ്പിക്കാൻ പാർക്കിൻസൺസ് രോഗത്തിന് കഴിയില്ലെന്ന് വിശ്വസിക്കാം.
Verdict: Good

Sunday 15 March 2020

Contagion (2011) - 106 min

Country: USA
Director: Steven Soderbergh
Cast: Marion Cotillard, Matt Damon, Laurence Fishburne, Jude Law, Gwyneth Paltrow & Kate Winslet.
ഹോങ്കോങ്ങ് ബിസിനസ് യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ബെത്തിന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. സാധാരണ പനി ആയിരിക്കുമെന്ന് വിചാരിച്ച ബെത്ത് അത് അത്ര കാര്യമാക്കിയില്ല, രണ്ടാം ദിവസം വീട്ടിൽ കുഴഞ്ഞു വീഴുന്നതോടെ അവളുടെ ആരോഗ്യനില വഷളാക്കുന്നു.
"Prevention Is Better Than Cure"
ഇപ്പോ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് Contagion. നിമിഷ നേരംകൊണ്ട് ഒരു വൈറസ് ലോകത്തിലെ പല കോണിലേക്കും പടരുന്നത് എങ്ങനെയെന്നും അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ നാം എടുക്കണമെന്ന് വിശദമായി പറഞ്ഞ് തരുന്നുണ്ട് ഈ ചിത്രം. 2019ൽ ഇറങ്ങിയ വൈറസ് എന്ന മലയാളം സിനിമ കണ്ടപ്പോൾ ഓർത്തതും ഈ സിനിമയെക്കുറിച്ച് തന്നെയാണ്. രോഗങ്ങൾ എന്തുമാകട്ടെ അത് പടരുന്നത് ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയുന്നതാണ്. വീട്ടിൽ ഒരാൾക്ക് കണ്ണ് സൂക്കേട് വന്നാൽ സ്വാഭാവികമായി ബാക്കിയുള്ളവർക്കും വരുമെന്ന് പണ്ടൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, അതൊക്കെ ശുദ്ധമണ്ടത്തരം ആണെന്ന് നമുക്ക് തന്നെ അറിയാം. Covid-19 പോലെയുള്ള വൈറസ് പടരുന്നതും ഈ സിനിമയിൽ കാണിക്കുന്നത് പോലെ തന്നെയാണ്, ഒരു സുപ്രഭാതത്തിൽ ജീവിതശൈലി മാറ്റാൻ പറയുന്നത് പ്രയാസമാണെന്ന് അറിയാം എന്നാലും കുറച്ച് കരുതലോടെ നീങ്ങിയാൽ ഇതിനെയും നമുക്ക് അതിജീവിക്കാം.
Verdict: Good

Saturday 14 March 2020

Knock Knock (2015) - 99 min

Country: USA
Director: Eli Roth
Cast: Keanu Reeves, Ana de Armas & Lorenza Izzo.
അന്ന് പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് അപരിചിതരായ രണ്ട് സുന്ദരികൾ ഇവാന്റെ കതകിൽ വന്ന് മുട്ടുന്നത്. നനഞ്ഞു കുളിച്ച് വന്ന് യുവതികൾ സഹായം ചോദിച്ചപ്പോൾ വിശാലമനസ്കനായ ഇവാൻ അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു.
You know what's funny? They never say no. No matter who they are. No matter how much they love their families. You're all the same.
അതിഥി ദേവോ ഭവ എന്നാണല്ലോ. പക്ഷേ ചില അതിഥികളുടെ വരവ് ഒരു ദുസ്വപ്നം പോലെ എന്നും മനസ്സിനെ വേട്ടയാടും അതുപോലെയുള്ള രണ്ട് അതിഥികൾ ആണ് ഇവാന്റെ വീട്ടിലേക്ക് അന്ന് കടന്നുവന്നത്. Ana de Armas യും Lorenza Izzo യും സിനിമയിൽ തകർത്തഭിനയിച്ചപ്പോൾ Keanu Reeves കാഴ്ചവച്ചത് ശരാശരിയിലും താഴെ ഒതുങ്ങുന്ന അഭിനയമാണ്. നിമിഷ നേരത്തെ സുഖം തേടി പോകുന്നവർക്ക് എപ്പോ വേണമെങ്കിലും ഇങ്ങനെ ഒരു അവസ്ഥ വരാം, പുരുഷനെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന ചിത്രമായത് കൊണ്ട് എല്ലാവർക്കും ഇഷ്ടമാകാൻ വഴിയില്ല. ഈ സിനിമ വലിയ സംഭവം ഒന്നുമല്ലെങ്കിലും ഇവാൻ കടന്ന് പോകുന്ന സാഹചര്യം ഭീകരം തന്നെയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ നമ്മൾ ആഗ്രഹിച്ചുപോകും Keanu മറ്റൊരു കഥാപാത്രമായി മാറിയെങ്കിൽ എന്ന്, അങ്ങനെയൊരു സീൻ സംവിധായകൻ ശരിക്കും ചിത്രീകരിച്ചിട്ടുണ്ടായിരുന്നു.
Verdict: Mediocre

Sunday 8 March 2020

The Shawshank Redemption (1994) - 142 min

Country: USA
Director: Frank Darabont
Cast: Tim Robbins, Morgan Freeman, Bob Gunton, William Sadler & Clancy Brown.
ഭാര്യയെയും അവളുടെ കാമുകനെയും കൊലപ്പെടുത്തിയ കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ Andy Dufresne കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നു. ജയിലിൽ ഒറ്റയ്ക്ക് നേടി പോരാൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ ആൻഡി തടവുകാരനായ റെഡുമായി ചങ്ങാത്തം കൂടുന്നു.
കമ്പ്യൂട്ടറും ഡിവിഡിയും അരങ്ങുവാഴുന്ന കാലത്താണ് ഈ സിനിമ കണ്ണിൽ പെടുന്നത്. ഒറ്റ ഡിവിഡിയിൽ മൂന്നും നാലും സിനിമകൾ ഉണ്ടാകും അതൊക്കെ നിരത്തി പിടിച്ച് കാണുന്ന സമയം. സിനിമയുടെ ട്രെയിലർ അല്ലെങ്കിൽ അതിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും നോക്കാതെയാണ് സിനിമ കണ്ട് തുടങ്ങുന്നത്. വിചാരിച്ചതിന് വിപരീതമായി ക്ലൈമാക്സ് ഞെട്ടിച്ചപ്പോൾ പ്രേക്ഷകൻ എന്ന നിലയ്ക്ക് ലഭിച്ചത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. പ്രിസൺ മൂവീസ്നോട് പണ്ട് മുതൽക്കേ ഒരു ഇഷ്ടക്കൂടുതലുണ്ട്. ഈസ്റ്റ്‌വുഡ് ഫാൻ ആണെങ്കിൽ കൂടെ Escape from Alcatraz നെക്കാളും ഇഷ്ട്ടം The Shawshank Redemption നോട് തന്നെയാണ്. The Green Mile, Cool Hand Luke ഒക്കെ Shawshank നേക്കാളും ഇഷ്ടമുള്ള സിനിമകളാണ്. ഇതുവരെ കണ്ട പ്രിസൺ മൂവീസിൽ ഏറ്റവും ഇഷ്ടം തോന്നിയതും, അതിനെ വെല്ലുന്ന സിനിമ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുമായ ഒരു സിനിമയുണ്ട്, അതിനെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ സംസാരിക്കാം.
Verdict: Great

Saturday 7 March 2020

Blue Is the Warmest Colour (2013) - 179 min

Country: FRANCE, BELGIUM, SPAIN
Director: Abdellatif Kechiche
Cast: Léa Seydoux & Adèle Exarchopoulos.
പതിനഞ്ച് വയസ്സുള്ള ഹൈസ്കൂൾ വിദ്യാർത്ഥിയാണ് Adèle. യാദൃശ്ചികമായി Adèle റോഡ് മുറിച്ച്കടക്കുമ്പോൾ നീല മുടിയുള്ള ഒരു പെൺകുട്ടിയെ കാണുകയും, മുൻപൊന്നും തോന്നാത്ത ഒരു ആകർഷണം അവൾക്ക് ആദ്യമായി അനുഭവപ്പെടുകയും ചെയ്യുന്നു. ആ മുഖത്തെ മറക്കുവാൻ അവൾ തോമസ് എന്ന കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അപ്പോഴും അവളുടെ മനസ്സിൽ ആ റോഡിൽ വച്ച് കണ്ട പെൺകുട്ടിയുടെ മുഖമാണ്.
അവരുടെ സ്നേഹം കവിതപോലെ മനോഹരവും തീവ്രവുമാണ്. Emma യെ കാണുന്ന നിമിഷം Adèle ന് തോന്നുന്ന വികാരവും, Emma ആദ്യമായി Adèle നെ നോക്കി ചിരിക്കുന്ന രംഗവും ഇതിലും ഭംഗിയായി പ്രേക്ഷകന്റെ കണ്മുൻപിലേക്ക് എത്തിക്കാൻ കഴിയില്ല. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം വാർത്തകളിലും ഇടംനേടിയിരുന്നു. ചിത്രത്തിലെ ദീർഘനേരമുള്ള സ്വവർഗ്ഗലൈംഗികതയ്‌ക്കെതിരെ പിന്നെ സിനിമയുടെ സംവിധായകനായ Abdellatif Kechiche യുടെ മോശ സ്വഭാവത്തെക്കുറിച്ച് അഭിനയിച്ചവർ തന്നെ പരാമർശിച്ചതും എല്ലാം അതിൽ പെടുന്നതാണ്. ലെസ്ബിയൻ ലൈംഗികത ഇത്രയും തീവ്രമായി കാണിക്കുന്ന സിനിമകൾ വളരെ കുറവാണ്, ഏതൊരു രംഗം എടുത്തു നോക്കിയാലും Adèle യുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നതായി കാണാം. ശാരീരികമായി പലതവണ അവര് അടുക്കുന്നത് സിനിമയിൽ ഉള്ളതുകൊണ്ട് പതിനെട്ട് തികഞ്ഞ പ്രേക്ഷകർ മാത്രം കാണാൻ ശ്രമിക്കുക.
Verdict: Good

Sunday 1 March 2020

Saving Private Ryan (1998) - 169 min

Country: USA
Director: Steven Spielberg
Cast: Tom Hanks, Edward Burns, Matt Damon & Tom Sizemore.
രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയം, ജെയിംസ് ഫ്രാൻസിസ് റയാൻ എന്ന പട്ടാളക്കാരനെ രക്ഷിക്കാനുള്ള ദൗത്യം ക്യാപ്റ്റൻ മില്ലെർക്ക് ലഭിക്കുന്നു. ഇത്രയും വലിയ യുദ്ധ നടക്കുമ്പോൾ ഇങ്ങനെയൊരു ദൗത്യം നൽകണമെങ്കിൽ അതിന് വ്യക്തമായ ഒരു കാരണം ഉണ്ടാവുമല്ലോ.
1917 നല്ല സിനിമയാണ് പക്ഷേ അതിനെ ഈ സിനിമയുമായി താരതമ്യം ചെയ്യുന്നത് കുറച്ച് കഠിനമാണ്. 1917 ഇറങ്ങിയ സമയത്ത് കുറെ പേര് പറയുന്നത് കേട്ടിരുന്നു ഇതുവരെ ഇറങ്ങിയ ഏറ്റവും നല്ല യുദ്ധ സിനിമ കാണണമെങ്കിൽ തിയേറ്ററിൽ പോകു എന്നൊക്കെ, അവരോടൊക്കെ ഈ സിനിമയുടെ തുടക്കം ഒന്നൂടെ കാണാൻ പറയണമെന്ന് തോന്നിയിരുന്നു. ഓസ്കാർ വേദിയിൽ പതിനൊന്ന് നോമിനേഷൻസ് ലഭിക്കുകയും അതിൽ അഞ്ചെണ്ണം കരസ്ഥമാക്കാനും കഴിഞ്ഞിരുന്നു ഈ സിനിമയ്ക്ക്. സേവിംഗ് പ്രൈവറ്റ് റയാൻ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ സിനിമകളെ പിന്തള്ളി മികച്ച സിനിമയ്ക്കുള്ള ഓസ്കാർ പുരസ്കാരം ആ വേദിയിൽ ഷേക്സ്പിയർ ഇൻ ലവ് കരസ്ഥമാക്കിയത് ഇന്നും ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കരയിലേക്ക് അടിക്കുന്ന തിരമാലകൾക്ക് വരെ ചോരയുടെ നിറമാണ്, നല്ല കട്ട ചോരയുടെ നിറം. ഇന്നും യുദ്ധ സിനിമ എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യചിത്രം സേവിംഗ് പ്രൈവറ്റ് റയാൻ തന്നെയാണ്.
Verdict: Great