Sunday, 31 May 2020

Winter Flies (2018) - 85 min

Country: CZECH REPUBLIC, SLOVAKIA, SLOVENIA, POLAND
Director: Olmo Omerzu
Cast: Tomáš Mrvík, Jan František Uher & Eliška Křenková.
ഒരു റോഡ് ട്രിപ്പിന്റെ കഥയാണ് Winter Flies ന് നമ്മളോട് പറയാനുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ വേറെ ആരുടെയോ കാറിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ യാത്ര ചെയ്യുകയാണ്.
രണ്ടു വർഷത്തോളമായി ഈ സിനിമ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട്. പല ശ്രമങ്ങളും നടത്തി ഇത് കാണാൻ, പക്ഷേ ഈ സിനിമ എവിടെയും ലഭ്യമല്ലായിരുന്നു. ഇപ്പോൾ ഓൺലൈൻ ഫിലിം ഫെസ്റ്റിവലിന്റെ കാലമാണല്ലോ, EUFFestival - Online Film Festival വഴി സിനിമ കാണാൻ ഒരു അവസരം കിട്ടി. 91-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചെക്ക് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ഇത്. റോഡ് മൂവീസിൽ സൗഹൃദം കൂടിച്ചേരുമ്പോൾ അല്ലെങ്കിലും കാണാൻ ഒരു രസം തന്നെയാണ്. ഒട്ടും ബോറടിക്കാതെ കാണാവുന്ന ഒരു റോഡ് മൂവിയാണ് Winter Flies.
Verdict: Good

Azali (2018) - 92 min

Country: GHANA
Director: Kwabena Gyansah
Cast: Ama K. Abebrese, Asana Alhassan, Adjetey Anang & Akofa Edjeani Asiedu.
ഒരു ചെറിയ ഗ്രാമത്തിലാണ് ആമിനയും കുടുംബവും താമസിക്കുന്നത്. നഗരത്തിലെ മെച്ചപ്പെട്ട ജീവിതം മകൾക്ക് ലഭിക്കുന്നതിനുവേണ്ടി ആമിനയുടെ അമ്മ അവളെ അപരിചിതർക്ക് വിൽക്കുന്നു. അതിനുശേഷം ആമിനയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ചചെയ്യുന്നത്.
92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഘാന എൻട്രിയായി തിരഞ്ഞെടുത്ത ചിത്രമാണ് Azali. മറ്റൊരു സവിശേഷത ആദ്യമായിട്ടാണ് ഘാന ഓസ്‌കറിനായി ഒരു ചിത്രം സമർപ്പിക്കുന്നത്. ഈ സിനിമ ചർച്ചചെയ്യുന്ന വിഷയം കൊണ്ടു തന്നെയാണ് ഇത്രയും പ്രശസ്തി ഈ സിനിമയെ തേടിയെത്തിയത്. ഇതുവരെ കേൾക്കാത്ത കഥയൊന്നും അല്ലെങ്കിലും ഘാനയിൽ ജീവിക്കുന്ന ആളുകളുടെ ജീവിതശൈലിയും അവിടത്തെ സ്ഥലങ്ങളും കാണാൻ ആഗ്രഹമുള്ളവർക്ക് കാണാം ഈ ചിത്രം. പിന്നെ സിനിമയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് നിങ്ങൾക്ക് മുൻപിൽ വരുമ്പോൾ ലോക പ്രശസ്തമായ ചില അന്താരാഷ്ട്ര സിനിമകളെ ഓർമ്മിപ്പിക്കുന്നത് പോലെ തോന്നിയേക്കാം.
Verdict: Average

Saturday, 30 May 2020

Ema (2019) - 102 min

Country: CHILE
Director: Pablo Larraín
Cast: Mariana Di Girolamo, Gael García Bernal, Paola Giannini & Santiago Cabrera.
Ema കും Gastón നും കുട്ടികൾ ഇല്ലാത്തതുകൊണ്ട് അവർ ഒരു ആൺകുട്ടിയെ കുറച്ച് നാൾ മുമ്പ് ദത്തെടുത്തായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് അവർക്ക് ബോധ്യമായി. ആ തീരുമാനം കൊണ്ട് അവരുടെ ദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നു.
സംഗീത സിനിമകൾ കാണുന്നത് കുറവാണ്, La La Land ആണ് അവസാനമായി കണ്ട് ഇഷ്ടം തോന്നിയ ഒരു സംഗീത സിനിമ. അതിനുശേഷം കണ്ടതൊന്നും എന്തായാലും ഓർമയിൽ പോലുമില്ല. Gastón ആയി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് Gael García Bernal ആണ്, ഇഷ്ട നടന്മാരിൽ ഒരാളാണ് Gael അത്യാവശ്യം നല്ല സിനിമകൾ മാത്രം തിരഞ്ഞുപിടിച്ച് അഭിനയിക്കുന്ന വ്യക്തിയായിട്ടാണ് തോന്നിയിട്ടുള്ളത്. Amores perros എന്ന സിനിമയിലെ അഭിനയം ഇന്നും മനസ്സിൽ കിടക്കുന്നുണ്ട്. പക്ഷേ ഈ സിനിമയിൽ തകർത്തത് Ema യായി എത്തിയ Mariana Di Girolamo തന്നെ. ദാമ്പത്യജീവിതവും സംഗീതവും എല്ലാം ചേർന്ന ഒരു വേറിട്ട ചലച്ചിത്രാനുഭവമാണ് Ema പ്രേക്ഷകന് നൽകുന്നത്.
Verdict: Good

Thursday, 28 May 2020

A Monster with a Thousand Heads (2015) - 75 min

Country: MEXICO
Director: Rodrigo Plá
Cast: Jana Raluy, Sebastián Aguirre, Emilio Echevarría & Hugo Albores.
ഭർത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മനസ്സിലാക്കിയ Sonia Bonet ചികിത്സ വേഗം ലഭിക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കഥാസാരം.
ഇൻഷുറൻസ് കമ്പനിക്കെതിരെയുള്ള പാവപ്പെട്ടവരുടെ രോദനമാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഭർത്താവിന് ചികിത്സ ലഭിക്കാൻ ഏതറ്റം വരെ പോകുവാൻ അവൾ തയ്യാറാണ്. ചില രംഗങ്ങളിൽ അവൾ ധരിച്ചിരിക്കുന്ന വസ്ത്രം എന്താണെന്ന് പോലും ഓർക്കാതെ ഭർത്താവിന്റെ ആശുപത്രി രേഖകൾ പരിശോധിക്കുന്നത് അവളുടെ അമിതമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. നിരവധി പുരസ്കാരങ്ങൾ സിനിമയെ തേടിയെത്തിയിട്ടുണ്ട്. ഈ സിനിമ ആദ്യമായി പ്രദർശിപ്പിക്കുന്നത് Venice Film Festival വച്ചാണ്. ഡ്രാമ ത്രില്ലർ ഗണത്തിൽ വരുന്ന ഈ സിനിമ അവസാനം വരെ ഒരു ആകാംഷ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
Verdict: Good

Sunday, 24 May 2020

Ali Zaoua: Prince of the Streets (2000) - 90 min

Country: MOROCCO
Director: Nabil Ayouch
Cast: Maunim Kbab, Abdelhak Zhayra, Hicham Moussaune & Amal Ayouch.
തങ്ങളുടെ ഉറ്റ സുഹൃത്തായ അലിയുടെ ശവസംസ്കാരം നല്ലതുപോലെ നടത്താനുള്ള ശ്രമത്തിലാണ് അലിയുടെ മൂന്ന് സുഹൃത്തുക്കൾ. അതിനാവശ്യമായ പണവും സ്ഥലവും എത്രയും വേഗം കണ്ടുപിടിക്കേണ്ടതുണ്ട്.
കാസബ്ലാങ്കയിലെ ഡോക്സൈഡ് ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ നല്ലൊരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയാനാണ് Nabil Ayouch എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് ഓരോ നിമിഷവും തോന്നി പോകുന്നുണ്ട്. ഇതിനോടകം മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഈ സിനിമയ്ക്ക്, അതിലൊന്ന് IFFK പുരസ്കാരമായ Golden Crow Pheasant Award ആണ്. അല്ലെങ്കിലും അത് അങ്ങനെയാ നല്ല സിനിമകൾ നമ്മൾ തേടിപ്പിടിച്ച് കാണുമല്ലോ. Turtles Can Fly (2004) പോലെയുള്ള നല്ല സിനിമകൾ ഇഷ്ടമാണെങ്കിൽ ഇത് നിങ്ങൾ തീർച്ചയായും കാണണം അല്ലെങ്കിൽ വിട്ടു കളയണം.
Verdict: Good

Tuesday, 19 May 2020

Shutter Island (2010) - 139 min

Country: USA
Director: Martin Scorsese
Cast: Leonardo DiCaprio, Mark Ruffalo, Ben Kingsley, Michelle Williams & Emily Mortimer.
ഷട്ടർ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ആഷ്‍ക്ലിഫ് ആശുപത്രി മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ചികിത്സാ കേന്ദ്രമാണ്. അവിടെ നിന്ന് കാണാതാവുന്ന റേച്ചൽ സൊളണ്ടോ എന്ന സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ വരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് എഡ്വേഡ് ഡാനിയൽസും ചക്ക് യൂളിയും.
രണ്ടാം കാഴ്ചയിലാണ് സിനിമയുടെ അവസാനം പറയുന്ന ഡയലോഗ് കൊണ്ട് സംവിധായകൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായത്. ആദ്യ കാഴ്ചയിൽ ക്ലൈമാക്സ് ട്വിസ്റ്റ് കൊണ്ട് ഞെട്ടി പോയപ്പോൾ പിന്നീടുള്ള സംഭാഷണങ്ങൾക്ക് അത്ര ഗൗരവം കൊടുത്തില്ല. ചിലപ്പോൾ മറന്നു പോയതാവാനും സാധ്യതയുണ്ട്, എന്തായാലും ഈ സിനിമയിലെ ട്വിസ്റ്റ് മറക്കില്ല എത്ര വർഷങ്ങൾ കഴിഞ്ഞാലും. ഇങ്ങനെയുള്ള സിനിമകൾ രണ്ടാമതും കാണാൻ പ്രേരിപ്പിക്കുന്നവയാണ് കാരണം എല്ലാം അറിഞ്ഞുകൊണ്ട് കാണുമ്പോൾ പല രഹസ്യങ്ങളും നമ്മുടെ കണ്മുന്നിലൂടെ കടന്നു പോകുന്നത് പോലെ തോന്നും. രണ്ടാമത് കണ്ടപ്പോളാണ് സിനിമ കൂടുതൽ ആസ്വദിച്ചത്, Hidden Details കണ്ടുപിടിക്കാനുള്ള അന്വേഷണമാണ് ഈ കാഴ്ചയെ മനോഹരമാക്കുന്നത്.
Verdict: Great

Sunday, 17 May 2020

No Bed of Roses aka Doob (2017) - 105 min

Country: BANGLADESH, INDIA
Director: Mostofa Sarwar Farooki
Cast: Irrfan Khan, Nusrat Imrose Tisha, Rokeya Prachy & Parno Mittra.
മകളുടെ കൂട്ടുകാരിയോട് തോന്നുന്ന അടുപ്പം കാരണം Javed ന് ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അതിനെയെല്ലാം അതിജീവിക്കാൻ ശ്രമിക്കുന്നതുമാണ് Doob എന്ന സിനിമയിലൂടെ സംവിധായകൻ കാണിച്ചുതരുന്നത്.
ബംഗ്ലാദേശ് സിനിമകളെ സംബന്ധിച്ചിടത്തോളം ഈ ചിത്രം സംസാരിക്കുന്നത് വളരെ സെൻസിറ്റീവായ ഒരു കാര്യമാണ്. പക്ഷേ വിദേശസിനിമകൾ ഒക്കെ കാണുന്ന ഒരു വ്യക്തിയാണെങ്കിൽ ഇതുപോലെയുള്ള പല സന്ദർഭങ്ങൾ വരുന്ന സിനിമകൾ കാണാൻ കഴിയും. അച്ഛന്റെ അടുത്ത സ്നേഹിതനോട് തോന്നുന്ന ഇഷ്ടമാണ് One Wild Moment (2015) എന്ന ഫ്രഞ്ച് സിനിമയുടെ കഥാസാരം. ഇതുപോലെ തന്നെയാണ് കൂട്ടുകാരിയുടെ മകനോട് തോന്നുന്ന സ്നേഹത്തിന്റെ കഥ പറയുന്ന Adore (2013) എന്ന സിനിമയും. മരണത്തെക്കുറിച്ച് മനോഹരമായി വർണ്ണിക്കുന്നുണ്ട് ഈ സിനിമയുടെ പല സ്ഥലത്തും. Irrfan Khan കരയുന്ന രംഗം മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു.
Verdict: Good

Saturday, 16 May 2020

Snowpiercer (2013) - 126 min

Country: SOUTH KOREA, CZECH REPUBLIC
Director: Bong Joon-ho
Cast: Chris Evans, Song Kang-ho, Tilda Swinton, Jamie Bell & Octavia Spencer.
Wilford നിർമ്മിച്ച ഒരു ട്രെയിനാണ് Snowpiercer. ലോകത്ത് അവശേഷിക്കുന്ന കുറച്ച് ആളുകളാണ് അതിലെ യാത്രക്കാർ. ആ യാത്രക്കാരെ തന്നെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. പണക്കാർ സുഖ സൗകര്യങ്ങളോടുകൂടി ട്രെയിനിന്റെ മുൻവശത്താണ് കഴിയുന്നത് എന്നാൽ പാവപ്പെട്ടവർ ട്രെയിനിന്റെ പിൻഭാഗത്ത് മരണത്തോട് മല്ലടിച്ചു ജീവിക്കുന്നു.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ദൂരമാണ് Snowpiercer. വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ സിനിമ വളരെ ഇഷ്ടം തോന്നിയിരുന്നു. ടിവി സീരിയസ് വരാൻ പോകുന്ന വിവരം അറിഞ്ഞപ്പോൾ ഒന്നൂടെ കാണാൻ തോന്നി. ഈ സിനിമ ഇപ്പോൾ കാണുമ്പോൾ അത്രവലിയ സംഭവമായി തോന്നുന്നില്ലെങ്കിലും, ആദ്യ കാഴ്ച ഗംഭീര അനുഭവം തന്നെയായിരുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കാണിച്ചുതരുന്ന സിനിമകൾ ചെയ്യുന്ന ഒരു സംവിധായകനാണ് Bong Joon-ho. അവസാനം ഇറങ്ങിയ Parasite എന്ന സിനിമയും ആ ഗണത്തിൽ വരുന്നതാണ്. ഇനിയും ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ ടിവി സീരിയസ് ഇറങ്ങുന്നതിനു മുമ്പ് കാണാൻ ശ്രമിക്കുക.
Verdict: Good

Sunday, 10 May 2020

Black Hawk Down (2001) - 152 min

Country: USA, UK
Director: Ridley Scott
Cast: Josh Hartnett, Eric Bana, Ewan McGregor, Tom Sizemore, William Fichtner & Sam Shepard.
Mohamed Farrah Aidid എന്ന ഭീകരനെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലാണ് U.S Army. ആദ്യം അയാളുടെ അനുയായികളെ പിടികൂടണം, അവർ വഴി Aidid യുടെ രഹസ്യ സങ്കേതം കണ്ടുപിടിക്കണം. അതിനുവേണ്ടി U.S Army ഒരു സ്പെഷ്യൽ ഫോഴ്സിനെയാണ് Mogadishu എന്ന സ്ഥലത്തേക്ക് അയക്കുന്നത്.
1999 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനമാക്കി Ridley Scott സംവിധാനം ചെയ്ത യുദ്ധ സിനിമയാണ് Black Hawk Down. നടന്ന സംഭവം ആയതുകൊണ്ട് തന്നെ ആ യുദ്ധഭൂമിയിൽ അകപ്പെട്ടുപോകുന്ന ഒരു പട്ടാളക്കാരന്റെ അവസ്ഥയാണ് നമുക്ക് ഇതിൽ അനുഭവപ്പെടുന്നത്. അത്രയ്ക്കും ഗംഭീരമായിട്ടാണ് സിനിമ എടുത്തിരിക്കുന്നത്. Tom Hardy യുടെ ആദ്യ സിനിമയാണ് ഇത്. Nikolaj Coster-Waldau, Orlando Bloom ഒക്കെ സിനിമയിൽ ചെറിയ റോൾ ആണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഇതിൽ തകർത്തത് പക്ഷേ Eric Bana യാണ് ഒരു രക്ഷയില്ലാത്ത അഭിനയം. രണ്ട് അക്കാഡമി അവാർഡ് ഒക്കെ ലഭിച്ച സിനിമയാണ്, ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ഒരു നല്ല യുദ്ധ സിനിമയാണ്.
Verdict: Great

Saturday, 9 May 2020

Richard Jewell (2019) - 129 min

Country: USA
Director: Clint Eastwood
Cast: Sam Rockwell, Kathy Bates, Jon Hamm, Olivia Wilde & Paul Walter Hauser.
സമ്മർ ഒളിമ്പിക്സ് നടക്കുന്ന സമയത്ത് അവിടത്തെ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയായിരുന്നു Richard Jewell. ഉപേക്ഷിക്കപ്പെട്ട ബാഗ് ഒരെണ്ണം ശ്രദ്ധയിൽപ്പെടുന്നതോടെ അയാളുടെ മനസ്സിൽ സംശയം ഉണ്ടാകുന്നു. അതിൽ ബോംബ് ആണോ അതോ വെറും തോന്നലാണോ.
Richard Jewell എന്ന അമേരിക്കൻ സെക്യൂരിറ്റി ഗാർഡിന്റെ കഥയാണ് Clint Eastwood ഈ ചിത്രത്തിലൂടെ പറയുന്നത്. നടന്ന ഒരു സംഭവം ആയതുകൊണ്ട് അതിന്റെ തീവ്രത ഒട്ടും തന്നെ നഷ്ടമാകാത്ത രീതിയിലാണ് Eastwood നിർമ്മിച്ചിരിക്കുന്നത്. Sam Rockwell ഫോൺ ചെയ്യുന്ന ഒരു രംഗമുണ്ട് സിനിമയിൽ, ആ ഒരൊറ്റ സീൻ മതി Clint Eastwood എന്ന സംവിധായകന്റെയും Sam Rockwell എന്ന നടന്റെയും റേഞ്ച് മനസ്സിലാവാൻ. ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു സിനിമയ്ക്ക്, അത് പിന്നെ അങ്ങനെ ആണല്ലോ. Richard Jewell നെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങൾ ഈ സിനിമ ആദ്യം കാണുക, അതിനുശേഷം മാത്രം അയാളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുക.
Verdict: Great

Friday, 8 May 2020

Eyes Wide Shut (1999) - 159 min

Country: USA, UK
Director: Stanley Kubrick
Cast: Tom Cruise, Nicole Kidman, Sydney Pollack & Marie Richardson.
ചില സത്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. അങ്ങനെയൊരു സത്യം ബില്ലിന് സ്വന്തം ഭാര്യയിൽ നിന്നും കേൾക്കേണ്ടി വരുന്നു. മനസ്സിന്റെ താളം തെറ്റിയ ദിവസമായിരുന്നു അന്ന്, ഒരു സുഹൃത്ത് വഴി അയാൾക്ക് ഇന്ന് വരെ കേൾക്കാത്ത പാർട്ടിയിലേക്ക് പോകുവാൻ അവസരം കിട്ടുന്നു.
Mission Impossible 2 ഒക്കെ കണ്ട സമയത്ത് ഒരു ചെറിയ തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ടോം ക്രൂയിസ് ആക്ഷൻ മൂവീസ് മാത്രം ചെയ്യാറുള്ളൂ എന്ന്, Eyes Wide Shut കണ്ട് തുടങ്ങിയത് ആക്ഷൻ സിനിമ ആയിരിക്കുമെന്ന് വിചാരിച്ചാണ്. ഒരാളുടെ ശരീരത്തോട് തോന്നുന്നതും ഒരു തരത്തിൽ പറഞ്ഞാൽ ഇഷ്ടമാണ്, പലർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ഒരു കാര്യം. സിനിമയിൽ പറയുന്നതുപോലെ ഒരു ദിവസത്തേക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചവരും കുറെയുണ്ട്. ടോം ക്രൂയിസിന്റെ ആക്ഷൻ കാണാൻ ഇരുന്നിട്ട് Nicole Kidmanന്റെ സൗന്ദര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ ഇറങ്ങിപ്പോന്നത്. മനസ്സിൽ നിന്നും മായാത്ത ഒരു സീനാണ് അവരുടെ ബെഡ്റൂം സംഭാഷണം. Stanley Kubrick സംവിധാനം ചെയ്ത സിനിമകളിൽ ഇഷ്ടമുള്ള ഒരു ചിത്രം തന്നെയാണ് Eyes Wide Shut.
Verdict: Good

Wednesday, 6 May 2020

Who Killed Captain Alex? (2010) - 68 min

Country: UGANDA
Director: Nabwana IGG
Cast: Kakule William, Sseruyna Ernest, Bukenya Charlse & Nakyambadde Prossy.
ഏറ്റവും കൂടുതൽ ആളുകൾ കണ്ട Ugandan സിനിമയാണ് Who Killed Captain Alex?. അതുപോലെ ഈ സിനിമയുടെ ട്രെയിലർ യൂട്യൂബിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലെ വില്ലൻ ക്രൂരനാണ്. കൈയിൽ തോക്ക് ഉണ്ടെങ്കിൽ മുന്നിൽ നിൽക്കുന്നവരെ വെടിവെച്ച് കൊല്ലും, ഇനിയിപ്പോ തോക്ക് ഇല്ലെന്ന് വയ്ക്കുക അവരുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനും മടിയില്ലാത്ത Upcoming Terror ആണ് നമ്മുടെ വില്ലൻ. അയാളുടെ സംഘത്തിൽ ഒരു വ്യക്തിയുണ്ട്, ആ ചങ്ങാതി വെടി വയ്ക്കുന്നത് ഒന്നും തന്നെ ലക്ഷ്യം തെറ്റാറില്ല. ഈ സിനിമയിൽ ഏറ്റവും കൂടുതൽ ആളുകളെ കൊല്ലുന്നത് പുള്ളിക്കാരനാണ്. കൊടും ഭീകരനാണ് കക്ഷി.
ജേഷ്ഠനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഒരാൾ വരുന്നുണ്ട്. വില്ലന്റെ സങ്കേതത്തിലേക്കുള്ള യാത്രയിൽ അയാൾ വ്യായാമം ചെയ്യുന്നുണ്ട്, അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്, മരത്തിന്റെ മുകളിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് അങ്ങനെയൊരു ജന്മം. പിന്നെ സിനിമയിൽ ഇടി ആരംഭിച്ചാൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല വെടിയും പുകയും മാത്രം. ചറപറ വെടിവയ്പ്പ് ആയതുകൊണ്ട് അവർക്ക് തന്നെ അറിയില്ല അവര് ആരെയാ വെടി വയ്ക്കുന്നതെന്ന്. ഈ സിനിമ കാണാൻ താൽപര്യമുണ്ടെങ്കിൽ ആദ്യം ട്രെയിലർ കാണുക, അത് ഇഷ്ടമായാൽ ചിത്രം യൂട്യൂബിൽ കിടക്കുന്നുണ്ട്.
Verdict: Mediocre

Tuesday, 5 May 2020

Titanic (1997) - 195 min

Country: USA
Director: James Cameron
Cast: Leonardo DiCaprio, Kate Winslet, Billy Zane & Kathy Bates.
ടൈറ്റാനിക് ആദ്യമായി കാണുന്നത് കാസറ്റ് ഇട്ടാണ്. വീട്ടിൽ എല്ലാവരും ഒരുമിച്ചാണ് കാണാൻ ഇരുന്നത്. അച്ഛൻ നല്ല സിനിമകൾ മാത്രമാണ് വീട്ടിൽ കൊണ്ടു വരാറുള്ളൂ. സിനിമ തുടങ്ങി എവിടെയോ എത്തിയപ്പോൾ ഇത് മോശം സിനിമയെന്ന് പറഞ്ഞ് അച്ഛൻ അത് നിർത്തിക്കളഞ്ഞു. എവിടെയെന്ന് വ്യക്തമായി ഓർക്കുന്നില്ല, പക്ഷേ മനസ്സിൽ ആ സുന്ദരിയുടെ മുഖം അപ്പോഴേക്കും പതിഞ്ഞിരുന്നു. ആദ്യമായി ഒരു നടിയോട് തോന്നുന്ന ഇഷ്ടം, ആ സമയത്ത് വേറെയൊരു സീരിയൽ നടിയോടും ഇതുപോലെ ഇഷ്ടം തോന്നിയിരുന്നു. നമ്മുടെ സ്വന്തം Geeta Vishwas.
സിനിമ മുഴുവൻ കാണാൻ കഴിയാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു ആ സമയത്ത്. ആറിലോ ഏഴിലോ എന്തോ പഠിക്കുമ്പോഴാണ് പിന്നെയും ടൈറ്റാനിക് കാസറ്റ് എന്റെ കൈയിൽ എത്തുന്നത്. ഈ തവണ ഞാൻ ബുദ്ധിപരമായി നീങ്ങി. കാസറ്റ് ആയിട്ട് നേരെ തറവാട്ടിലേക്ക് പോയി. അവിടെയിരുന്ന് സിനിമ മുഴുവൻ കണ്ട് തീർത്തു. എന്റെ അടുത്താ കളി. അതിനുശേഷം പല തവണ കണ്ടിട്ടുണ്ട് ഈ സിനിമ, എന്തോ ഇഷ്ടമാണ് ഈ പ്രണയ സിനിമ. ആ സമയത്ത് കൂട്ടുകാരോട് പറയും ഇത്രയും ഭംഗിയുള്ള നടി വേറെയില്ലെന്ന്. റോസിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയില്ലായിരുന്നു. അത്രയ്ക്കും ആകർഷിച്ചിട്ടുണ്ട് ആ കഥാപാത്രം. അതുപോലെ തന്നെയാണ് സിനിമയും, പ്രണയമെന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ടൈറ്റാനിക് എന്ന ദൃശ്യ വിസ്മയം തന്നെയാണ്.
Verdict: Great

Sunday, 3 May 2020

Mad Max: Fury Road (2015) - 120 min

Country: USA, AUSTRALIA
Director: George Miller
Cast: Tom Hardy, Nicholas Hoult, Rosie Huntington-Whiteley, Riley Keough, Zoë Kravitz, Abbey Lee, and Courtney Eaton.
ഈ സിനിമ തിയേറ്ററിൽ നിന്ന് കാണാനൊരു അവസരം കിട്ടിയതായിരുന്നു, പക്ഷേ കണ്ടില്ല കാരണം സിനിമയെക്കാലും Mad Max എന്ന കഥാപാത്രത്തെ സ്നേഹിച്ചുപോയി. Mel Gibson ന് പകരം മറ്റൊരു നടനെ Mad Max ആയിട്ട് കാണാൻ താൽപര്യമില്ലായിരുന്നു. അങ്ങനെ കുറച്ച് നാളുകൾക്ക് ശേഷം വീട്ടിലിരുന്ന് പടം കണ്ടു. പിന്നീട് ടിവിയിൽ കണ്ടു, അതിനുശേഷം Black & Chrome വേർഷൻ കണ്ടു. കാണാൻ കിട്ടുന്ന അവസരം ഒന്നും തന്നെ പാഴാക്കുന്നില്ല ഇതിലും കൂടുതൽ ഈ സിനിമയെക്കുറിച്ച് എന്ത് സംസാരിക്കാനാണ്.
സംവിധായകൻ ഈ സിനിമ Black & Chrome വേർഷനിൽ തന്നെ തിയേറ്ററിൽ ഇറക്കാൻ ഇരുന്നത്, പക്ഷേ മുടക്കിയ പണം കിട്ടില്ലെന്ന് തോന്നിയതുകൊണ്ട് ആ പരിപാടി വേണ്ടെന്നുവച്ചു. എന്തായാലും പടം ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയപ്പോൾ Black & Chrome വേർഷനും തിയേറ്ററിൽ റിലീസ് ചെയ്തു. ഈ സിനിമ കാണാത്തവർ ആരും തന്നെ ഉണ്ടാകില്ല, Black & Chrome വേർഷൻ കണ്ടിട്ടില്ലെങ്കിൽ അതൊന്നു കണ്ടു നോക്കാവുന്നതാണ്. ഈ സിനിമ തീയേറ്ററിൽ നിന്ന് കണ്ടവരോട് അസൂയ ഒന്നുമില്ല, എന്നാലും രണ്ടും മൂന്നും തവണ IMAXൽ നിന്നൊക്കെ കണ്ട കാര്യം പറയുമ്പോൾ ഒരു ചെറിയ അസൂയ.
Verdict: Brilliant

Saturday, 2 May 2020

Us (2019) - 116 min

Country: USA
Director: Jordan Peele
Cast: Lupita Nyong'o, Winston Duke, Elisabeth Moss & Tim Heidecker.
അവധിക്കാലം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് Adelaide യും കുടുംബവും. അങ്ങനെ അവർ സ്ഥലത്തെത്തി, അന്ന് രാത്രി വീടിന്റെ മുൻവശത്ത് ഒരു കുടുംബം അവരുടെ വീട്ടിലേക്ക് നോക്കി നിൽക്കുന്നതായി Adelaide യുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി Adelaide യുടെ ഭർത്താവ് പുറത്തിറങ്ങുകയും അവരെ കണ്ട് പേടിച്ച് ഓടുകയും ചെയ്യുന്നതോടെ ഭീതിയുടെ അന്തരീക്ഷം ഉണ്ടാവുകയാണ്.
നിങ്ങളുടെ നിഴൽ തന്നെ നിങ്ങളെ കൊല്ലാൻ വന്നാൽ എങ്ങനെയിരിക്കും. Doppelgänger എന്നാണ് അവരെ ശരിക്കും വിശേഷിപ്പിക്കുന്നത്. എന്നാൽ അവർ സ്വയം വിളിക്കുന്നത് മനുഷ്യന്റെ നിഴൽ എന്നാണ്. Jordan Peele സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം, Get out എന്ന ആദ്യ സിനിമയെക്കാലും ഇഷ്ടം ഇതിനോട് ആണ്. Get out ആദ്യ കാഴ്ചയിൽ അത്ര പിടിച്ചില്ല, പിന്നെ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒന്നൂടെ കാണാൻ തോന്നി. വീണ്ടും കണ്ടപ്പോഴാണ് Get out ഇഷ്ടമായത്. ഈ സിനിമയുടെ ട്രെയിലർ കണ്ടപ്പോൾ ഒരു പുതുമ തോന്നിയിരുന്നു, ഇറങ്ങിയ സമയത്ത് കാണാനും ഒരു ഭാഗ്യം ലഭിച്ചിരുന്നു. ഈ സിനിമയിലെ Anthem എന്ന സൗണ്ട് ട്രാക്ക് ഇന്നും ഫോണിൽ കിടപ്പുണ്ട്. സ്ഥിരം കണ്ടുവരുന്ന ഒരു പ്രവണതയിൽ നിന്ന് മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നു ഒരു സംവിധായകനാണ് Jordan Peele. ഇനിയും നല്ല സിനിമകൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയട്ടെ, പിന്നെ ഒരു കാര്യം വെളുത്ത മനുഷ്യരെയും ഇടയ്ക്ക് നായകനോ നായികയോ ആകുന്നതിൽ തെറ്റില്ല.
Verdict: Good

Friday, 1 May 2020

Apocalypto (2006) - 138 min

Country: USA
Director: Mel Gibson
Cast: Rudy Youngblood, Raoul Trujillo, Mayra Sérbulo & Dalia Hernández.
'Survival of the Fittest' ഇതിലും ഭംഗിയായി ഈ സിനിമയെ വിശേഷിപ്പിക്കാൻ കഴിയില്ല. Mel Gibson എന്ന സംവിധായകന് മാത്രം ചെയ്യാൻ പറ്റുന്ന ഒരു സിനിമ. ഒരു കൂട്ടം ആൾക്കാർ ഒരാളെ കൊല്ലാൻ ശ്രമിക്കുന്നു, അയാൾ അവരിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്നതുമാണ് കഥ.
ടിവിയിൽ ചാനൽ മാറ്റി കൊണ്ടിരിക്കുമ്പോഴാണ് അടുത്തതായി വരാൻ പോകുന്ന സിനിമ Apocalypto എന്ന പരസ്യം കണ്ണിൽ പെടുന്നത്. നായകന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ തന്നെ സിനിമ കാണാൻ മോഹം തോന്നി, പിന്നെ ആ സമയത്ത് IMDB എന്താണെന്നുപോലും അറിയാത്തതുകൊണ്ട് സിനിമയുടെ റേറ്റിംഗ് നോക്കാൻ പറ്റിയില്ല. ജീവിതത്തിൽ ഇതുവരെ കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള അഞ്ച് സിനിമകൾ പറയാൻ പറഞ്ഞാൽ അതിലൊന്ന് Apocalypto ആയിരിക്കും. നായകൻ "This is my forest" എന്ന് പറയുമ്പോൾ കൈയിലെ രോമം വരെ എഴുന്നേറ്റ് നിന്ന് നൃത്തമാടി. അങ്ങനെ ഒരു അനുഭവം അതിനുമുമ്പും അതിനുശേഷവും വേറെ ഉണ്ടായിട്ടില്ല. പണ്ട് പോസ്റ്റിൽ സിനിമയുടെ Verdict ഇടുമ്പോൾ പലരും ചോദിച്ചിട്ടുണ്ട് നിങ്ങൾ ഫുൾ റേറ്റിംഗ് ഏതെങ്കിലും സിനിമയ്ക്ക് കൊടുത്തിട്ടുണ്ടോന്ന്, അങ്ങനെ കൊടുക്കാൻ ആദ്യമായി തോന്നിയത് ഈ സിനിമയ്ക്കാണ്.
Verdict: Brilliant