Saturday, 29 February 2020

The Handmaiden (2016) - Extended Version

Country: South Korea
Director: Park Chan-wook
Cast: Kim Min-hee, Kim Tae-ri, Ha Jung-woo & Cho Jin-woong.
ജാപ്പനീസ് അധിനിവേശ കൊറിയയിൽ Count Fujiwara എന്ന ബുദ്ധിമാനായ തട്ടിപ്പുകാരൻ ഉണ്ടായിരുന്നു. ലേഡി ഹിഡെകോ എന്ന ജാപ്പനീസ് അവകാശിയെ വശീകരിച്ച് സ്വത്തെല്ലാം തട്ടിയെടുക്കാനാണ് അയാളുടെ പദ്ധതി.
വെൽഷ് എഴുത്തുകാരിയായ സാറാ വാട്ടേഴ്‌സിന്റെ ഫിംഗർസ്മിത്ത് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാർക്ക് ചാൻ-വുക്ക് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലിൽ വിക്ടോറിയൻ കാലഘട്ടമായിരുന്നു, എന്നാൽ സിനിമയിൽ എത്തുമ്പോൾ അത് ജാപ്പനീസ് കൊളോണിയൽ ഭരണ കാലഘട്ടമാകുന്നു. ഈ സിനിമയുടെ ഓഫീഷ്യൽ ട്രെയിലറിൽ സംഭാഷണങ്ങളില്ല, ഉള്ളത് Vessel ന്റെ റെഡ് സെക്സ് ഗാനമാണ്. Theatrical Version നേരത്തെ കണ്ടിട്ടുണ്ട്, അതിൽ ഒഴിവാക്കിയ കുറെ കാര്യങ്ങൾ ഇതിൽ കാണാൻ സാധിക്കും. സ്വാതന്ത്ര്യം, സ്നേഹം, വഞ്ചന, സെക്സ് എല്ലാം അടങ്ങിയ ഈ സിനിമ ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ Extended Version തന്നെ കാണാൻ ശ്രമിക്കുക.
Verdict: Great

Sunday, 23 February 2020

Inception (2010) - 148 min

Country: UK, USA
Director: Christopher Nolan
Cast: Leonardo DiCaprio, Ken Watanabe, Joseph Gordon-Levitt, Marion Cotillard, Ellen Page, Tom Hardy, Cillian Murphy, Tom Berenger & Michael Caine.
കോബും ആർതറും മറ്റുള്ളവരുടെ ഉപബോധമനസ്സിൽ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങൾ മോഷ്ടിക്കുന്നതിൽ പ്രഗത്ഭരാണ്. അവർക്ക് ഒരു വ്യക്തിയുടെ ഉപബോധമനസ്സിൽ പുതിയ ആശയം നട്ടു പിടിപ്പിക്കാനും കഴിയും. ജാപ്പനീസ് ബിസിനസുകാരൻ സൈറ്റോ അവർക്ക് ഒരു ദൗത്യം നൽകുന്നു, അതിൽ വിജയിച്ചാൽ തന്റെ കുട്ടികളുടെ അടുത്തേക്ക് പോകാൻ കോബിനെ സഹായിക്കാമെന്ന് സൈറ്റോ വാഗ്ദാനം നൽകുന്നു.
വീട്ടിലേക്കുള്ള ദൂരം ഒരു സ്വപ്നം അകലെയാണ്. സ്വപ്നങ്ങൾ കുറെ കാണാറുണ്ട്, പക്ഷേ അതിനൊക്കെ ഒറ്റ ലെവൽ ഉണ്ടാകാറുള്ളൂ. ഈ സിനിമ കണ്ടിട്ട് ഒരു സ്വപ്നത്തിന്റെ ഉള്ളിൽ മറ്റൊരു സ്വപ്നം കാണാൻ ശ്രമിച്ചിട്ടുണ്ട് പണ്ട്, പക്ഷേ നടന്നില്ല കണ്ടതാണെങ്കിലോ ഒരു ബോംബ് കഥയും. ഇനിയിപ്പോ അങ്ങനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം നൽകാൻ പ്രയാസമാണ്. ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ മുൻപെപ്പോഴോ സ്വപ്നത്തിൽ കണ്ടതായി തോന്നിയിട്ടുണ്ട് പല തവണ. ക്രിസ്റ്റഫർ നോളന്റെ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമയാണ് ഇൻസെപ്ഷൻ. സിനിമയുടെ ടെക്നിക്കൽ സൈഡ്, അഭിനേതാക്കളുടെ മികച്ച പ്രകടനവും എല്ലാം കൂടെ ആകുമ്പോൾ എത്ര തവണ കണ്ടാലും മടുക്കാത്ത ദൃശ്യ വിസ്മയമായി മാറുകയാണ് ഇൻസെപ്ഷൻ.
Verdict: Brilliant

Summertime (2015) - 105 min

Country: FRANCE, BELGIUM
Director: Catherine Corsini
Cast: Cécile de France, Izïa Higelin & Noémie Lvovsky.
ഫ്രഞ്ച് കർഷകരുടെ ഏകമകളാണ് ഡെൽഫിൻ. പ്രണയ നൈരാശ്യത്തിൽ നിന്ന് ഒളിച്ചോടാൻ അവൾ തെരഞ്ഞെടുത്ത സ്ഥലം പാരീസ് ആണ്. അവിടെ ഡെൽഫിൻ ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പിൽ അംഗമാകുകയും, അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ആ ഗ്രൂപ്പിലെ തന്നെ അംഗമായ കാരോളിനെ കാണാനുള്ള ഓരോ കാരണങ്ങൾ മാത്രമായിരുന്നു അതെല്ലാം.
രണ്ട് പേർക്കും പരസ്പരം കടുത്ത പ്രേമമാണ്. ഒരാൾക്ക് അത് എന്നും രഹസ്യമായി തന്നെ ഇരുന്നാൽ മതിയെന്നാണ്, എന്നാൽ മറ്റേയാൾക്ക് ആ ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റെന്തോ വികാരമാണ്. Cécile de France - Izïa Higelin കെമിസ്ട്രി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട് അത് നിങ്ങൾക്ക് ഇഷ്ടമായാൽ സിനിമയും നല്ലപോലെ ആസ്വദിക്കാൻ കഴിയും. എന്നാലും കൂടുതൽ ഇഷ്ടം തോന്നിയത് Cécile de France യുടെ അഭിനയമാണ്. കുറെ സിനിമകളിൽ അഭിനയിച്ച പരിചയം ഉള്ളത് കൊണ്ടായിരിക്കും Cécile യുടെ ചലനങ്ങൾ നോക്കിയിരിക്കാൻ തന്നെ നല്ല രസമായിരുന്നു.
Verdict: Average

Saturday, 22 February 2020

Portrait of a Lady on Fire (2019) - 120 min

Country: FRANCE
Director: Céline Sciamma
Cast: Noémie Merlant & Adèle Haenel.
വിദ്യാർത്ഥികളിലൊരാൾ Marianne എന്ന യുവ ചിത്രകാരിയോട് അവളുടെ ഒരു പെയിന്റിംഗിനെക്കുറിച്ച് ചോദിക്കുന്നു. അവൾ അതിനെ "പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ" എന്നാണ് വിളിക്കുന്നത്, ആ പെയിൻറിംഗ് കണ്ടപ്പോൾ മുതൽ അവൾക്ക് പഴയ കാര്യങ്ങളെല്ലാം ഓർമവരുന്നു. ആ ഓർമ്മകളാണ് പിന്നീട് കഥയായി മാറുന്നത്.
ഈ സിനിമയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, 2019ൽ പുറത്തിറങ്ങിയ മികച്ച വിദേശ സിനിമകളുടെ പട്ടികയിൽ ഒരിടം നേടാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. മനോഹരമായ ഒരു പെയിന്റിംഗ് പോലെ Céline Sciamma വരച്ചുണ്ടാക്കിയ ഒരു കലാസൃഷ്ടിയാണ് പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ. കേന്ദ്ര കഥാപാത്രങ്ങളുടെ സ്നേഹത്തിന്റെ തീവ്രത കാണിക്കുന്ന ചില രംഗങ്ങളുണ്ട് അതെല്ലാം ഈ സിനിമ സംസാരിക്കുന്ന വിഷയത്തിന്റെ വീര്യം കൂട്ടുക മാത്രമാണ് ചെയ്തത്. The Unknown Girl എന്ന സിനിമ മുൻപ് കണ്ടിട്ടുള്ളതുകൊണ്ട് Adèle Haenel മുഖം പരിചിതമായിരുന്നു, എന്നാൽ സിനിമയിൽ ഞെട്ടിച്ചത് Noémie Merlant ആയതുകൊണ്ട് അതെല്ലാം മറക്കാം.
Verdict: Good

Friday, 21 February 2020

Dredd (2012) - 95 min

Country: UK, SOUTH AFRICA
Director: Pete Travis
Cast: Karl Urban, Olivia Thirlby, Wood Harris & Lena Headey.
ജഡ്ജ്, ജൂറി, ആരാച്ചാർ എന്നിവരുടെ അധികാരത്തിൽ വരുന്ന നഗരമാണ് മെഗാ സിറ്റി വൺ. 200 നിലകളുള്ള പീച്ച് ട്രീസ് ടവർ ആ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്, അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് മാ-മാ എന്ന് വിളിക്കുന്ന മയക്കുമരുന്ന് പ്രഭു മാഡെലിൻ മാഡ്രിഗൽ ആണ്. പീച്ച് ട്രീസിൽ നടന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ വന്ന ജഡ്ജ് ഡ്രെഡിനെയും ആൻഡേഴ്സനെയും കൊല്ലാൻ മാ-മാ ഉത്തരവിടുന്നു.
കാൾ അർബനാണ് ഡ്രെഡായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്, ഒരുതവണ പോലും അർബന്റെ മുഖം മുഴുവനായി കാണിക്കുന്നില്ല സിനിമയിൽ. അദ്ദേഹത്തിൻറെ ഫാൻസിന് അതൊരു സങ്കടകരമായ വാർത്തയാണ്. ഇതിപ്പോ രണ്ടാം തവണയാണ് ഈ സിനിമ കാണുന്നത്, ആദ്യകാഴ്ചയിൽ കിട്ടിയ ആ ഫ്രഷ്നസ് കിട്ടിയില്ലെങ്കിലും ആസ്വദിച്ച് കാണാനുള്ളത് ഈ സിനിമയിലുണ്ട്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി മുറവിളി കൂട്ടുന്നവർ ഒരുപാടുണ്ട്, അത്രയ്ക്ക് ഫാൻസാണ് ഡ്രെഡ് എന്ന കഥാപാത്രത്തിന്. ഡ്രെഡിന്റെ സംസാരം മാസ്സാണ് നടത്തം മാസ്സാണ് പിന്നെ വില്ലന് കൊടുക്കുന്ന താക്കീത് വരെ മാസ്സാണ്. ചുരുക്കി പറഞ്ഞാൽ ഡ്രെഡ് ഒരു മാസ്സ് ആക്ഷൻ മൂവിയാണ്, പിന്നെ ഒരു കാര്യം പറയാൻ മറന്നു അടിയില്ല വെടി മാത്രം.
Verdict: Good

Thursday, 20 February 2020

Irreversible (2002) - 97 min

Country: FRANCE
Director: Gaspar Noé
Cast: Monica Bellucci, Vincent Cassel & Albert Dupontel.
വീട്ടിലേക്ക് പോകുവാൻ അലക്സ് എളുപ്പവഴി തിരഞ്ഞെടുക്കുന്നു, എന്നാൽ യാത്രാമധ്യേ അവളെ ഒരു വഴിപോക്കൻ കത്തി കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതോടെ കാര്യങ്ങൾ വഷളാക്കുന്നു.
ഇന്നുവരെ കണ്ട സിനിമകളിൽ ഏറ്റവും മൃഗീയമായിട്ടുള്ള റേപ്പ് സീൻ ഏതു സിനിമയിലെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നേയുള്ളൂ Irréversible. പത്ത് മിനിറ്റ് നീണ്ടുനിൽക്കുന്ന ആ രംഗം കണ്ടവർ ആരും ജീവിതത്തിൽ മറക്കാൻ പോകുന്നില്ല, ഈ സിനിമ മുൻപ് കണ്ടിട്ടുള്ളവർ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനും പോകാറില്ല. നമ്മുടെ കണ്മുന്നിൽ നടക്കുന്നതുപോലെ Gaspar Noé ആ റേപ്പ് സീൻ ചിത്രീകരിച്ചിരിക്കുന്നത്. റിവേഴ്സ് ക്രോണോളജിക്കൽ ക്രമത്തിൽ ആണ് കഥ പറഞ്ഞിരിക്കുന്നത്, അതായത് നമ്മൾ ആദ്യം കാണുന്നത് സിനിമയുടെ ക്ലൈമാക്സാണ്. മോണിക്ക ബെല്ലൂച്ചിയുടെ മികച്ച കഥാപാത്രങ്ങൾ എടുത്തുനോക്കിയാൽ അതിലൊരെണ്ണം ഈ സിനിമയിലെ അലക്സ് എന്ന കഥാപാത്രമായിരിക്കും. ചില സിനിമകൾ ഒന്നൂടെ കാണാൻ നമ്മൾ മടിക്കാറുണ്ട്, ആ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ്  Irréversible.
Verdict: Good

Sunday, 16 February 2020

Dunkirk (2017) - 106 min

Country: UK, USA, FRANCE, NETHERLANDS
Director: Christopher Nolan
Cast: Fionn Whitehead, Tom Glynn-Carney, Jack Lowden, Harry Styles, Aneurin Barnard, James D'Arcy, Barry Keoghan, Kenneth Branagh, Cillian Murphy, Mark Rylance & Tom Hardy.
ജർമൻ സൈന്യം ബ്രിട്ടീഷ്- ഫ്രഞ്ച് പട്ടാളക്കാരെ കടൽ തീരത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ എത്തിച്ചാൽ അവരുടെ തന്നെ യുദ്ധ വിമാനങ്ങളുടെ സഹായത്താൽ ആ മുഴുവൻ സൈനികരെയും കൊന്നൊടുക്കാൻ ആണ് നാസിപ്പടയുടെ ലക്ഷ്യം.
രണ്ടാം ലോകമഹായുദ്ധം പശ്ചാത്തലമാക്കിയ ഈ ക്രിസ്റ്റഫർ നോളൻ ചിത്രത്തിൽ, ഡൺകിർക്ക് പിൻവാങ്ങലിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. യുദ്ധത്തിൻറെ ഭീതിയാണ് ഡൺകിർക്ക് സിനിമയിൽ കൂടുതലും കാണാൻ കഴിയുന്നത്. കൺമുന്നിൽ മരണം കാത്തുനിൽക്കുന്ന പട്ടാളക്കാരുടെ മുഖങ്ങൾ അതി മനോഹരമായി ഒപ്പിയെടുക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് ടൈം സോണിലാണ് കഥ നടക്കുന്നത് ഒരാഴ്ച, ഒരു ദിവസം, ഒരു മണിക്കൂർ എന്നിങ്ങനെയാണ് ആ ടൈം സോണുകൾ. ജർമൻ സൈന്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മറ്റ് പട്ടാളക്കാരുടെ സമയമാണ് ഈ ഒരാഴ്ച. അവരെ രക്ഷിക്കാൻ വരുന്ന പ്രൈവറ്റ് ബോട്ടുകളുടെ കഥ പറയുന്നതാണ് ഒരു ദിവസം എന്ന ടൈം സോൺ. ഈ രണ്ട് ടൈം സോണിൽ ഉള്ളവരെ യോജിപ്പിക്കുന്നത് മൂന്നാമത്തെ ടൈം സോണിൽ നിന്നുവരുന്ന മൂന്ന് ബ്രിട്ടീഷ് പൈലറ്റുമാരാണ്.
സിനിമയിൽ സംഭാഷണങ്ങൾ കുറവാണ്. അവതരണത്തിലെ പുതുമയാണ് മറ്റ് യുദ്ധ സിനിമകളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ശരിക്കുമൊരു യുദ്ധ ഭൂമിയിൽ അകപ്പെട്ടു പോകുന്ന ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ഓസ്കാർ വേദിയിൽ എട്ട് നോമിനേഷൻ ലഭിക്കുകയും, അതിൽ മൂന്നെണ്ണം കരസ്ഥമാക്കാനും ഡൺകിർക്കിന് സാധിച്ചു. ഇത് രണ്ടാം തവണയാണ് Hoyte van Hoytema നോളന് വേണ്ടി തന്റെ ക്യാമറകൾ ചലിപ്പിക്കുന്നത്, Hoyte തന്നെയാണ് വരാനിരിക്കുന്ന നോളൻ ചിത്രമായ Tenet ന്റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്തിരിക്കുന്നത്.
Verdict: Great

Saturday, 15 February 2020

The Dreamers (2003) - 109 min

Country:UK, FRANCE, ITALY
Director:Bernardo Bertolucci
Cast:Michael Pitt, Eva Green & Louis Garrel.
വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്ന സമയത്താണ് അമേരിക്കൻ വിദ്യാർഥിയായ മാത്യുസ് പാരീസിൽ പഠിക്കാൻ എത്തുന്നത്. സിനിമകൾ ധാരാളം കാണുന്ന മാത്യുസ് ഇരട്ട സഹോദരങ്ങളായ തിയോയെയും ഇസബെലിനെയും ഒരു പ്രക്ഷോഭത്തിന്റെ ഇടയിൽ വച്ച് പരിചയപ്പെടുന്നു. അവരുടെ അസാധാരണമായ സൗഹൃദമാണ് പിന്നീട് സിനിമയിൽ വിഷയമാകുന്നത്.
വിചിത്രമായ ഒരു ലോകത്തേക്കാണ് അവരുടെ സൗഹൃദം നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. അവിടെ ശരികളും തെറ്റുകളുമില്ല, ഉള്ളത് നല്ല പ്രണയത്തിൽ പൊതിഞ്ഞ സൗഹൃദമാണ്. Bernardo Bertolucci സംവിധാനം ചെയ്ത ഈ ചിത്രം The Holy Innocents എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. നിരവധി ക്ലാസിക് സിനിമകളുടെ റഫറൻസ് ഈ സിനിമയിൽ കാണാൻ സാധിക്കും. പതിനേഴ് വയസ്സ് തികഞ്ഞവർ മാത്രം ഈ സിനിമ കണ്ടാൽ മതിയെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്, കാരണം സിനിമയിൽ കുറേ നഗ്ന രംഗങ്ങളുണ്ട്. 109 മിനിറ്റുള്ള അൺ കട്ട് വേർഷൻ കാണാൻ ശ്രമിക്കുക, തിയേറ്റർ വേർഷനിൽ ചില രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
Verdict: Good

Sunday, 9 February 2020

The Shining (1980) & Doctor Sleep (2019)

The Shining (1980) - Director's Cut
Doctor Sleep (2019) - Director's Cut
സ്കൂൾ അദ്ധ്യാപകനായ ജാക്കിന് ഓവർലുക്ക് ഹോട്ടലിന്റെ വിന്റർ കെയർ ടേക്കറായി ജോലി ലഭിക്കുന്നു. 1907 ലാണ് ഈ ഹോട്ടൽ നിർമ്മിച്ചത് അതിനുമുമ്പ് ഇതൊരു ശ്മശാനമായിരുന്നു. ഈ ഹോട്ടലിൽ കുറെ അനിഷ്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്, അങ്ങനെയുള്ള ഈ ഹോട്ടലിൽ കുറച്ച് ദിവസം താമസിച്ചപ്പോഴേക്കും ജാക്കിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി തുടങ്ങുന്നു.
ഈ രണ്ട് സിനിമയും സ്റ്റീഫൻ കിങ്ങിന്റെ നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത ദി ഷൈനിംഗ് സ്റ്റീഫൻ കിങ്ങിന് അത്ര ഇഷ്ടമായില്ലെന്ന് കേട്ടിട്ടുണ്ട്, കാരണം കുബ്രിക് കഥയിൽ കുറേ മാറ്റങ്ങൾ വരുത്തിയെന്നാണ് പറയപ്പെടുന്നത്. അതൊക്കെ ഉൾക്കൊള്ളാൻ സ്റ്റീഫൻ കിങ്ങിന് സാധിച്ചില്ല. ഷൈനിംഗിന്റെ തുടർച്ചയാണ് ഡോക്ടർ സ്ലീപ്പ്. രണ്ടാം ഭാഗം എത്തിയപ്പോൾ എന്താണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ കുബ്രികിനെ പോലെയുള്ള ഒരു സംവിധായകന്റെ മാജിക് ഷോട്ട്സ് പിന്നെ ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ജാക്ക് നിക്കോൾസൺ എന്ന അതുല്യ പ്രതിഭയുടെ സാന്നിധ്യം. മുൻ ഭാഗത്തോട് കുറച്ചെങ്കിലും നീതിപുലർത്തുന്ന ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. അത്യാവശ്യം നല്ലൊരു അനുഭവം സമ്മാനിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ സ്ലീപ്പ് കാണുന്നതിനു മുൻപ് ദി ഷൈനിംഗ് ഒന്നൂടെ കാണുന്നത് നന്നായിരിക്കും.
Verdict: Good

Saturday, 8 February 2020

Queen of Hearts (2019) - 127 min

Country: DENMARK
Director: May el-Toukhy
Cast: Trine Dyrholm & Gustav Lindh.
സമൂഹത്തിൽ നല്ല പേരും പ്രശസ്തിയുമുള്ള ഒരു അഭിഭാഷകയാണ് അന്നേ. ഒരു ദുർബല നിമിഷത്തിൽ അവൾക്ക് വളർത്ത് മകനോട് ഒരു പ്രത്യേകതരം അടുപ്പം തോന്നുകയും, തുടർന്ന് അവളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സ്വയം ജീവിതത്തിൽ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയിൽ മുഴുവൻ കാണിച്ചുതരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ അന്നേക്ക് ശരിയും തെറ്റും മനസിലാക്കാനുള്ള കഴിവുണ്ട്, എന്നിട്ടും അവൾ പ്രായപൂർത്തിയാകാത്ത വളർത്തു മകനെ സ്വാർത്ഥ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. അന്നേക്ക് തോന്നുന്നത് ഒരിക്കലും പ്രണയമല്ല, അവളുടെ ചെയ്തികളെ ഒരുതരത്തിലും നമുക്ക് അംഗീകരിക്കാനും കഴിയില്ല. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഈ വർഷത്തെ ഡാനിഷ് എൻട്രിയായിരുന്നു ക്വീൻ ഓഫ് ഹാർട്ട്സ്. ഈ സിനിമയിലെ ചില രംഗങ്ങൾ അല്പം കടുപ്പമാണ് അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം ഈ സിനിമ കാണാൻ ശ്രമിക്കുക.
Verdict: Good

Friday, 7 February 2020

Ford v Ferrari (2019) - 152 min

Country: USA
Director: James Mangold
Cast: Matt Damon & Christian Bale.
ഫോർഡ് മോട്ടോർ കമ്പനി കാർ റേസിങ്ങിൽ പങ്കെടുത്ത തങ്ങളുടെ കാർ വിൽപ്പന ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അതിൻറെ ഭാഗമായി ഫെരാരിയുമായി ഒരു കരാർ ഒപ്പിടാൻ അവർ തീരുമാനിക്കുന്നു. എന്നാൽ ഫെരാരി ഉടമസ്ഥൻ ഫോർഡ് മോട്ടോഴ്സിനെ അപമാനിക്കുകയും അവരുടെ മുതലാളിയായ ഹെൻ‌റി രണ്ടാമനെ കളിയാക്കുകയും ചെയ്തതോടെ അവർക്ക് വാശി കേറുന്നു.
ഈ സിനിമയ്ക്ക് നാല് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. Ken Miles എന്ന കഥാപാത്രത്തെ ഭംഗിയായി തന്നെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട് ക്രിസ്റ്റ്യൻ ബേൽ, മികച്ച നടനുള്ള ഓസ്കാർ കരസ്ഥമാക്കാൻ അദ്ദേഹത്തിന് ഇനിയും കാത്തിരിക്കണം. സിനിമയുടെ ഒടുക്കം മാറ്റ് ഡാമൺ ശരിക്കും ഞെട്ടിച്ചു കളഞ്ഞു, ആ നിമിഷം മനസ്സിൽ വിചാരിച്ചോരു കാര്യമാണ് Manchester by the Sea സിനിമയിലെ Lee Chandler കഥാപാത്രം മാറ്റ് ഡാമൺ നിരസിക്കാതെ ഇരുന്നെങ്കിൽ എന്ന്. ഹൃദയത്തിൽ സ്പർശിക്കുന്ന ചില മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രം പര്യവസാനിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ Rush തന്നെയാണ് ഇന്നും കാർ റേസിംഗ് സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത്. അതിൽ രണ്ടുപേർ തമ്മിലുള്ള കടുത്ത മത്സരം കാണിച്ച തന്നപ്പോൾ ഇതിൽ ഒപ്പം നിൽക്കുന്നവരുടെ ഇടയിലുള്ള അകൽച്ച പച്ചയായി തുറന്നു കാണിക്കുന്നു.
Verdict: Great

Sunday, 2 February 2020

Kiss Me (2011) - 103 min

Country: SWEDEN
Director: Alexandra-Therese Keining
Cast: Ruth Vega Fernandez, Liv Mjönes, Krister Henriksson & Lena Endre.
മിയ തന്റെ കാമുകനായ ടിമ്മിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അവളുടെ അച്ഛന്റെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ മിയ എല്ലാവരുമായി ആ കാര്യം പങ്കുവെക്കുന്നു. മിയയുടെ അച്ഛന്റെ കാമുകിയായ എലിസബത്തിനെ അവിടെ വച്ച് അവൾ പരിചയപ്പെടുന്നു. എലിസബത്തിന് സുന്ദരിയായ ഒരു മകളുണ്ട്, ഫ്രിഡാ. ആദ്യ കാഴ്ചയിൽ തന്നെ മിയയക്ക് ഫ്രിഡയോട് അടുപ്പം തോന്നുകയാണ്.
ദിവ്യ പ്രണയമാണ് അതിപ്പോ ആരോട് എപ്പോ തോന്നുമെന്ന് ഒന്നും ആർക്കും പറയാൻ പറ്റില്ല. ജീവിതത്തിൽ അത് ചിലപ്പോൾ ഒരാളോട് മാത്രമായിരിക്കും തോന്നുന്നത്, കഴിയുന്നതും അവരെ കൈവിട്ടു കളയാതിരിക്കാൻ ശ്രമിക്കുക. പിന്നെ ജീവിതം ഒന്നല്ലേ ഉള്ളൂ അതിപ്പോ അഡ്ജസ്റ്റ് മെൻറ് ചെയ്ത ജീവിക്കണോ അതോ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ജീവിക്കണോ എന്നൊക്കെയുള്ള ആശയങ്ങൾ വളരെ ലളിതമായി പ്രേക്ഷകനോട് ചോദിച്ചു പോകുന്നുണ്ട്. സിനിമയിൽ പ്രതിപാദിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് എനിക്ക് ഈ ചിത്രം ഇഷ്ടമായി. സിനിമയിൽ ലവ് മേക്കിങ് രംഗങ്ങളൊക്കെ ഉള്ളതുകൊണ്ട് എല്ലാരോടും ഈ സിനിമ കാണാൻ പറയുന്നില്ല.
Verdict: Good

Saturday, 1 February 2020

Eye For an Eye (2019) - 107 min

Country: SPAIN
Director: Paco Plaza
Cast: Luis Tosar, Xan Cejudo, Enric Auquer & María Vázquez.
മയക്കുമരുന്ന് വ്യാപാരിയായ Antonio Padín ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം നേരെ പോയത് വൃദ്ധസദനത്തിലേക്കാണ്. ശിഷ്ടകാലം അവിടെ ചെലവഴിക്കാനാണ് അയാളുടെ ഉദ്ദേശം. അവിടെ അയാളെ ശുശ്രൂഷിക്കുന്നത് Mario എന്ന വിളിക്കുന്ന പ്രഗൽഭനായ നേഴ്സാണ്. Mario ക്ക് ആണെങ്കിൽ Antonio നെ കൊല്ലാനുള്ള ദേഷ്യമുണ്ട്, ഇരുപത്തിയഞ്ച് വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന പ്രതികാരം.
സ്പാനിഷ് ത്രില്ലറുകൾ കണ്ടു തുടങ്ങിയ നാൾ മുതൽ Luis Tosar ന്റെ ഒരു കടുത്ത ആരാധകനാണ് ഞാൻ. Cell 211, Sleep Tight പോലെയുള്ള മാരക സിനിമകളിൽ അഭിനയിച്ച Luis തിരഞ്ഞെടുക്കുന്ന സിനിമകൾ പ്രേക്ഷകനെ ഒരിക്കൽ പോലും നിരാശരാക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ സിനിമ കണ്ട് തുടങ്ങിയത്. ആദ്യം മുതൽ ഒരു ദുരൂഹത നിറഞ്ഞ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്, അതിന് അനുയോജ്യമായ പശ്ചാത്തലസംഗീതം കൂടിയാകുമ്പോൾ പിന്നെ പറയേണ്ടല്ലോ. എന്നാൽ സിനിമയുടെ അവസാനമാകുമ്പോൾ അത് പതുക്കെ ത്രില്ലർ ഗണത്തിലേക്ക് ചേക്കേറുകയാണ്. Antonio Padín എന്ന കഥാപാത്രത്തിന്റെ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതയൊക്കെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് പറ്റിയിട്ടുണ്ട്. മിസ്റ്ററി ത്രില്ലെർ ഒക്കെ ഇഷ്ടമുള്ളവർക്ക് ഈ സിനിമ ഒന്ന് പരീക്ഷിക്കാവുന്നതാണ്.
Verdict: Average