Thursday 30 April 2020

Blood Diamond (2006) - 143 min

Country: USA, GERMANY
Director: Edward Zwick
Cast: Leonardo DiCaprio, Jennifer Connelly, Djimon Hounsou & Arnold Vosloo.
Revolutionary United Front എന്ന സംഘടനയുടെ കീഴിലാണ് Sierra Leone രാജ്യം. പാവപ്പെട്ട ജനങ്ങളെ അവർ വജ്രം കണ്ടുപിടിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു, Solomon എന്ന മത്സ്യത്തൊഴിലാളിയും അവരുടെ കൈയിൽ അകപ്പെട്ടു. എന്നാൽ അയാൾക്ക് തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി പോകുവാനുള്ള ഒരു അവസരം അവിടുന്ന് ലഭിക്കുന്നു.
ഒരു ഡയമണ്ടിന്റെ പുറകിൽ പലരുടെയും ജീവന്റെ വിലയുണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെയൊരു ഡയമണ്ടിന്റെ കഥയാണ് സംവിധായകൻ ഈ സിനിമയിലൂടെ പറയുന്നത്. കൊട്ടി ആഘോഷിക്കാത്ത പ്രണയങ്ങൾ മനുഷ്യനെ കൂടുതൽ സ്വാധീനിക്കാൻ കഴിയുമെന്ന് തോന്നുന്നു. Blood Diamond എന്ന സിനിമ ഓർക്കാൻ ഇഷ്ടം ഒരു പ്രണയ ചിത്രമെന്ന് നിലയ്ക്കാണ്. ഒരു മുഴുനീള പ്രണയ സിനിമയ്ക്ക് നൽകാൻ കഴിയാത്ത എന്തോ ഒന്ന് ഒറ്റ രംഗം കൊണ്ട് ഈ സിനിമയ്ക്ക് നൽകാൻ സാധിച്ചു. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയമെന്ന് വിശ്വസിക്കുന്നു. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നത് അവരുടെ സംഭാഷണങ്ങളും സ്നേഹവുമാണ്.
Verdict: Great

Wednesday 29 April 2020

Timecrimes (2007) - 92 min

Country: SPAIN
Director: Nacho Vigalondo
Cast: Karra Elejalde, Nacho Vigalondo, Candela Fernández & Bárbara Goenaga.
ഹെക്ടറും അയാളുടെ ഭാര്യയും ചേർന്ന് വീട് മോടി പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഒഴിവു സമയത്ത് അയാൾ തന്റെ ബൈനോക്കുലർ ഉപയോഗിച്ച് വീടിന്റെ അടുത്തുള്ള കാടിന്റെ ഭംഗി ആസ്വദിക്കുമ്പോഴാണ് ഒരു പെൺകുട്ടി വസ്ത്രം മാറുന്നത് അതിൽ പതിയുന്നത്. ഭാര്യ പുറത്തുപോയ തക്കം നോക്കി അയാൾ ആ സുന്ദരിയായ യുവതിയെ കാണാൻ കാട്ടിലേക്ക് പോവുകയാണ്.
ടൈം ട്രാവൽ സിനിമകളോട് താൽപര്യം തോന്നി തുടങ്ങുന്നത് Timecrimes എന്ന സ്പാനിഷ് സിനിമ കണ്ടപ്പോഴാണ്. ഈ സിനിമയ്ക്ക് ശേഷമാണ് Primer (2004) കാണുന്നത്, അതോടുകൂടി ഏകദേശം തീരുമാനമായി. പിന്നെ കുറച്ച് ദിവസത്തേക്ക് ടൈം ട്രാവൽ സിനിമകളിൽനിന്ന് ഒരു അവധിയെടുത്തു. വെറുതെ എന്തിനാ ചുമ്മാ നമ്മളായിട്ട് ഓരോ പണി മേടിച്ച് കൂട്ടുന്നത്. പ്രേക്ഷകനെ കൂടുതൽ നേരം ചിന്തിപ്പിക്കുന്ന ഇതുപോലെയുള്ള സിനിമകളോട് ഒരല്പം കമ്പമുണ്ട്. നല്ലൊരു ടൈം ട്രാവൽ സിനിമ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സ്പാനിഷ് ചിത്രം കാണാവുന്നതാണ്, പിന്നെ ഇത് ത്രില്ലർ ഗണത്തിൽ വരുന്ന ഒരു ചിത്രം കൂടിയാണ്. സ്പാനിഷ് ത്രില്ലർ ആയതുകൊണ്ട് ഇതിന് വീര്യം കൂടും.
Verdict: Good

Friday 24 April 2020

Hush (2016) & Don't Breathe (2016)

"ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോ"
Hush (2016)
സംസാരശേഷിയും കേൾവിശക്തിയും ചെറുപ്പത്തിലെ നഷ്ടമായ ഒരു എഴുത്തുകാരിയാണ് Maddie. പുതിയ നോവലിന്റെ പണിപ്പുരയിലാണ് അവൾ, എന്നാൽ ആ രാത്രി അവൾ ഒറ്റയ്ക്കായിരുന്നില്ല വീട്ടിൽ.
Don't Breathe (2016)
ചെറിയ മോഷണങ്ങൾ ഒക്കെ ചെയ്ത ജീവിച്ചു പോകുന്ന മൂന്ന് സുഹൃത്തുക്കൾ. അന്ധനായ ഒരു പാവം മനുഷ്യന്റെ വീട്ടിലേക്ക് മോഷ്ടിക്കാൻ കേറുകയാണ്, വലിയ ഒച്ചയുണ്ടാക്കാതെ വീട്ടിൽ കയറി പണം മോഷ്ടിച്ച പോകാനാണ് അവരുടെ ഉദ്ദേശം.
2016 ൽ പുറത്തിറങ്ങിയ രണ്ട് ഹോം ഇൻവേഷൻ ത്രില്ലർ സിനിമകൾ. ഒരു രാത്രിയിൽ സംഭവിക്കുന്ന കഥയാണ് രണ്ടു സിനിമയും പറയുന്നത്. ഹോം ഇൻവേഷൻ സിനിമകൾ ഇഷ്ടമായതുകൊണ്ട് കഴിയുന്നതും കൈയിൽ കിട്ടുന്നതെല്ലാം കാണാൻ ശ്രമിക്കാറുണ്ട്. പിന്നെ എന്തുകൊണ്ട് ഈ രണ്ട് സിനിമകളെക്കുറിച്ച് മാത്രം ഇവിടെ പറയുന്നത് എന്ന് ചോദിച്ചാൽ ഇതിലെ ചില കഥാപാത്രങ്ങൾ തങ്ങളുടെ ബലഹീനതയെ അവരുടെ ഏറ്റവും വലിയ ആയുധമാക്കി മാറ്റുകയാണ്. അപ്പോൾ പ്രേക്ഷകൻ എന്ന നിലയ്ക്ക് സാധാരണ കണ്ടുവരുന്ന ഒരു പ്രവണതയിൽ നിന്ന് ഒരു മാറ്റം നമുക്ക് ഇതിൽ കാണാൻ കഴിയും. അത് തന്നെയാണ് ഈ സിനിമകളോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം. മറ്റു ചില ഹോം ഇൻവേഷൻ ചിത്രങ്ങളും ഇവിടെ പറയുന്നു The Strangers (2008), Them (2006), Funny Games (1997,2007), The Purge (2013), You're Next (2011), Straw Dogs (1971), Panic Room (2002), The Uninvited Guest (2004), Sleep Tight (2011), Hard Candy (2005), Us (2019).
Verdict: Good

Wednesday 22 April 2020

The Wailing (2016) - 156 min

Country: SOUTH KOREA
Director: Na Hong-jin
Cast: Kwak Do-won, Hwang Jung-min & Chun Woo-hee.
ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് 2016 സെപ്റ്റംബർ മാസം നടന്ന ഒരു സംഭവത്തെ കുറിച്ചാണ്. ആ സമയത്ത് ഏറ്റവും ഇഷ്ടമുള്ള കൊറിയൻ സിനിമ Memories of Murder ആയിരുന്നു. ഇൻവെസ്റ്റിഗേഷൻ സിനിമയോട് ഒരു പ്രത്യേക ഇഷ്ടമുള്ളത് കൊണ്ടാണ് അത് തിരഞ്ഞെടുക്കാൻ കാരണം, അതിലും മികച്ച കൊറിയൻ സിനിമകൾ വേറെയും ഉണ്ടെന്ന് വിശ്വസിക്കുന്നു.
അങ്ങനെ ആ മാസം കാണാനിടയായ ഒരു സിനിമയാണ് The Wailing, സാധാരണ ഒരു സിനിമ ആസ്വദിക്കുന്ന ലാഘവത്തോടെയാണ് ഇതിനെയും സമീപിച്ചത്. സിനിമ കൊള്ളാം കഥയും മനസ്സിലായെന്ന് വിശ്വസിച്ചിരിക്കുന്നു സമയത്താണ് അത് സംഭവിച്ചത്. ഈ സിനിമ കാണാൻ കുറച്ചു പേരോട് പറഞ്ഞിട്ടുണ്ടായി, അവര് ഇത് കണ്ടു കഴിഞ്ഞ ഇതല്ലേ കഥയെന്ന് ചോദിച്ചപ്പോഴാണ് ഈ സിനിമ എന്നെ കബളിപ്പിച്ച കാര്യം മനസ്സിലായത്.
ഈ സിനിമയിൽ കണ്ടുപിടിക്കാത്ത കുറെ രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഓരോ തവണ കാണുമ്പോഴും പുതിയ സംശയങ്ങൾ മനസ്സിൽ ഉണ്ടാകുന്നു, അത് ചെന്നെത്തിക്കുന്നത് മറ്റൊരു കഥയിലാണ്. രണ്ട് തവണ കണ്ടു സിനിമ രണ്ട് കഥയും കിട്ടി അതോടെ നിർത്തി പരിപാടി. The Wailing കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോളൂ ഒരു വ്യത്യസ്ത അനുഭവമാണ് ഈ സിനിമ സമ്മാനിക്കാൻ പോകുന്നത്. പിന്നെ ഇതിന്റെ കഥയെക്കുറിച്ച് മാത്രം ചോദിക്കരുത്, ചോദിച്ചാൽ ഇതാണ് എന്റെ ഉത്തരം നിങ്ങൾക്ക് എന്താണോ ഈ സിനിമയിൽ നിന്നും മനസ്സിലായത് അത് തന്നെയാണ് ഇതിന്റെ കഥ.
Verdict: Brilliant

Tuesday 21 April 2020

Headhunters (2011) - 100 min

Country: Norway
Director: Morten Tyldum
Cast: Aksel Hennie, Synnøve Macody Lund, Nikolaj Coster-Waldau & Julie Ølgaard.
Roger ആഡംബര ജീവിതമാണ് നയിക്കുന്നത്, അയാളുടെ ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യാൻ അയാൾ തയ്യാറാണ്. ആവശ്യങ്ങൾ കൂടി വന്നപ്പോൾ അയാളുടെ ജോലി കൊണ്ട് മാത്രം കാര്യങ്ങൾ നടക്കാതെയായി. വിലയേറിയ ചിത്രങ്ങൾ മോഷ്ടിച്ച വിൽക്കുന്ന മറ്റൊരു മുഖം കൂടി അയാൾക്കുണ്ടായിരുന്നു. അങ്ങനെയൊരു മോഷണം കൊണ്ട് അയാളുടെ ജീവന് തന്നെ ഒരിക്കൽ വധഭീഷണി ഉണ്ടാക്കുന്നു.
നോർവീജിയൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് അവരുടെ ജീവിത ശൈലിയും പിന്നെ അവിടത്തെ സ്ഥലങ്ങളും എല്ലാം എത്ര കണ്ടാലും മടുക്കില്ല. എവിടെയെങ്കിലും സ്ഥിരമായി ഒന്ന് മാറി താമസിക്കാൻ അവസരം കിട്ടിയാൽ തിരഞ്ഞെടുക്കുന്ന രാജ്യം നോർവേ ആയിരിക്കും. Headhunters ആണ് ആദ്യമായി കാണുന്ന നോർവീജിയൻ സിനിമ, അത് തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള നോർവീജിയൻ ചിത്രം. ത്രില്ലർ എന്നൊക്കെ പറഞ്ഞാൽ ഇതാണ്, തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിച്ച് കാണാവുന്ന ചിത്രം. ഈ സിനിമ കണ്ടതിനുശേഷം കുറെ നോർവീജിയൻ ഫിലിംസ് കാണുകയുണ്ടായി. അതിൽ ഇഷ്ടമായ ചില സിനിമകൾ ഇതൊക്കെയാണ് Max Manus: Man of War (2008), In Order of Disappearance (2014), Trollhunter (2010), Insomnia (1997), King of Devil's Island (2010), The Wave (2015), Kon-Tiki (2012), Børning (2014), Totally True Love (2011), A Somewhat Gentle Man (2010), Pioneer (2013), Nokas (2010). Headhunters കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക നല്ലൊരു ത്രില്ലർ സിനിമയാണ്, പറ്റിയാൽ ഇന്ന് രാത്രി ഈ സിനിമ ഒന്നൂടെ കാണണം.
Verdict: Great

Monday 20 April 2020

Non-Stop (2014) - 106 min

Country: FRANCE, UK, USA, CANADA
Director: Jaume Collet-Serra
Cast: Liam Neeson, Julianne Moore, Scoot McNairy & Michelle Dockery.
U.S. Air Marshal ബിൽ മാർക്ക്സ് ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ് അയാൾക്ക് ആ സന്ദേശം വരുന്നത്. 150 മില്യൺ ഡോളർ ഒരു അക്കൗണ്ടിലേക്ക് ഇടാനാണ് ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്, അല്ലാത്തപക്ഷം ഓരോ ഇരുപതു മിനിറ്റിലും വിമാനത്തിൽ ഉള്ള ഒരാൾ മരിക്കും.
ഇറങ്ങിയ സമയത്ത് കണ്ട സിനിമയാണ്, പക്ഷേ വില്ലൻ ആരാണെന്ന് മറന്നുപോയി. എന്നാ പിന്നെ ഒന്നൂടെ കാണാമെന്ന് വിചാരിച്ച് തുടങ്ങിയതാണ് സിനിമ തീർന്നപ്പോഴാണ് വില്ലൻ ആരാണെന്ന് മനസ്സിലായത്. Taken സിനിമ കണ്ടതിനുശേഷം Liam Neeson അഭിനയിക്കുന്ന ആക്ഷൻ സിനിമകൾ വരുന്ന മുറയ്ക്ക് കാണാറുണ്ട്. Cold Pursuit ആണ് അവസാനം കണ്ടത്. ഹൈജാക്ക് സിനിമകളുടെ കാര്യം പറയുമ്പോൾ ഓർമ്മ വരുന്നത് Air Force One നെ കുറിച്ചാണ്. Harrison Ford പ്രസിഡണ്ടായി ഞെട്ടിച്ച സിനിമ. അതൊക്കെ ഒരു കാലം, ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാം ഈ Liam Neeson ചിത്രം.
Verdict: Good

Sunday 19 April 2020

Memories (2013) - 143 min

Country: INDIA
Director: Jeethu Joseph
Cast: Prithviraj, Miya, Vijayaraghavan & Meghana Raj.
Victims:
ഇരകൾ കാണപ്പെടുന്ന രീതിയിലാണ് 2007ൽ ഇറങ്ങിയ Our Town എന്ന കൊറിയൻ സിനിമയുമായി മെമ്മറീസിന് സാമ്യം വരുന്നത്. കൊറിയൻ സിനിമയിൽ സ്ത്രീകളെ കൊല്ലുമ്പോൾ മെമ്മറീസിൽ പുരുഷന്മാരാണ് ഇരകൾ. അവർ ടൗണിൽ പ്രത്യേകിച്ച് കാരണം ഒന്നും പറയുന്നില്ല ഇങ്ങനെ ശരീരങ്ങൾ കെട്ടിത്തൂക്കിയിടാൻ. അവിടെയാണ് മെമ്മറീസ് കൊറിയൻ സിനിമയെ നിഷ്പ്രഭമാക്കുന്നത് Christian mythology അതിലേക്ക് കൊണ്ടുവന്നപ്പോൾ ആണ് ആ രംഗങ്ങൾക്ക് കൂടുതൽ അർത്ഥം ഉണ്ടായത്.
Foot Chase Scene:
ഈ സിനിമയിലെ ഏറ്റവും സുപ്രധാനമായ സീൻ. നായകൻ തോറ്റുപോകുന്നത് കാണാൻ അല്ലെങ്കിലും ഒരു രസമാണ്. The Crimson Rivers എന്ന ഫ്രഞ്ച് സിനിമയിൽ നിന്നാണ് ഈ രംഗം വരുന്നത്. നല്ല മഴയുള്ള രാത്രിയിൽ തന്നെയാണ് രണ്ട് സ്ഥലത്തും ഈ ഓട്ടം ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെയും ഒരു ചെറിയ വ്യത്യാസം ഉണ്ട്. ഫ്രഞ്ച് സിനിമയിൽ പുറകെ ഓടുന്ന പോലീസ് ഉദ്യോഗസ്ഥൻ തോൽക്കുമെങ്കിലും അവിടെ വില്ലൻ അയാളെക്കാലും ശക്തൻ ആണെന്നാണ് കാണിക്കുന്നത്, എന്നാൽ മെമ്മറീസിൽ സംഗതി വ്യത്യാസമാണ് ഇവിടെ നായകൻ തോൽക്കുന്നതിന്റെ കാരണം അയാളുടെ മദ്യപാനമാണ്. അതുകൊണ്ട് മാത്രമാണ് അയാൾക്ക് അവനെ പിടിക്കാൻ പറ്റാതിരുന്നത്.
Climax:
കൂടുതൽ പേർ സംസാരിച്ച ഒരു വിഷയമാണ് ഈ സിനിമയിലെ ക്ലൈമാക്സ്. നായകന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ വില്ലനെ കീഴ്പ്പെടുത്തുന്നത്. ഈ സീൻ പക്ഷേ Kiss The Girls (1997) എന്ന അമേരിക്കൻ സിനിമയിൽനിന്നും എടുത്തതാണ്. Morgan Freeman പാലിന്റെ സഹായത്തോടെ വെടി വച്ചപ്പോൾ Prithviraj വെള്ളത്തിലൂടെ ആക്കിയെന്ന് മാത്രം.
ജിത്തു ജോസഫ് കുറെ വിദേശസിനിമകൾ കാണുന്ന ഒരു വ്യക്തിയായിരിക്കും, എന്തൊക്കെയാണെങ്കിലും ഈ മൂന്ന് സീൻസും നന്നായി തന്നെ മലയാളത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അതിനൊപ്പം നമുക്ക് കിട്ടിയത് നല്ലൊരു സിനിമ കൂടിയാണ്.
Verdict: Brilliant

Saturday 18 April 2020

Ivide (2015) - 144 min

Country: INDIA
Director: Shyamaprasad
Cast: Prithviraj Sukumaran, Nivin Pauly & Bhavana.
ഇന്ത്യൻ വംശജരെ മാത്രം കൊല്ലുന്ന ഒരു സീരിയൽ കില്ലർ അറ്റ്ലാന്റയിൽ ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന Varun Blake ന്റെ നിഗമനം. ഒപ്പമുള്ള ഉദ്യോഗസ്ഥർ അതിനോട് യോജിക്കുന്നില്ലങ്കിലും അയാൾ ആ നിഗമനത്തിൽ തന്നെ ഉറച്ചു നിന്നു. ഈ കൊലപാതകങ്ങളിൽ ഉള്ള ഒരു സാദൃശ്യം Varun Blake കണ്ടെത്തുന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കുന്ന.
ഇതും പ്രേമം സിനിമയും ഒരു ദിവസമാണ് ഇറങ്ങിയത്, തിയറ്ററിൽ ആദ്യദിവസം തന്നെ ഈ സിനിമ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ഈ സിനിമയ്ക്കാണ് അന്ന് കയറിയത്. ഇതുപോലെയുള്ള സിനിമകൾ ഇഷ്ടമുള്ളത് കൊണ്ടായിരിക്കും ഈ സിനിമയും ആസ്വദിച്ചു കണ്ട് ഇറങ്ങാൻ സാധിച്ചു. ഇന്നലെ വെറുതെ ഇരുന്നപ്പോൾ ഇവിടെ ഒന്നൂടെ കാണാൻ തോന്നി, ഈ തവണ കഥാപാത്രങ്ങളെ കൂടുതൽ അടുത്തറിയാനാണ് ശ്രമിച്ചത്. ഉദാഹരണത്തിന് Kate Brown എന്ന കഥാപാത്രം ചൂടുള്ള വാർത്തകൾ കിട്ടാനായി ശാരീരിക പീഡനങ്ങൾ സഹിക്കുന്നത് ഇതിൽ കാണാൻ സാധിക്കും. അങ്ങനെ ഓരോ കഥാപാത്രങ്ങൾക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ. The Silence (2010), Marshland (2014), Jar City (2006) ഈ സിനിമകളെല്ലാം സഞ്ചരിക്കുന്നത് ഇതേ പാതയിലാണ് പിന്നെ ഒരു വ്യത്യാസം ഇവയെല്ലാം വിദേശസിനിമകൾ ആണെന്നുള്ളതാണ്.
Verdict: Good

Tuesday 14 April 2020

Our Town (2007) - 114 min

Country: SOUTH KOREA
Director: Jeong Gil-yeong
Cast: Oh Man-seok, Lee Sun-kyun & Ryu Deok-hwan.
നാല് മാസത്തിനുള്ളിൽ നാല് കൊലപാതകങ്ങൾ, സ്ത്രീകളെ മാത്രം കൊല്ലുന്ന ഒരു സീരിയൽ കില്ലർ ആ ടൗണിൽ ഉണ്ടെന്ന് അവിടെ താമസിക്കുന്നവർക്ക് ഉറപ്പായി. അപ്പോഴാണ് എഴുത്തുകാരനായ Kyung-ju വീട്ടുടമയെ അബദ്ധവശാൽ കൊലപ്പെടുത്തുന്നത്, അയാൾ ആ കൊലപാതകം സീരിയൽ കില്ലർ ചെയ്തതെന്ന് വരുത്തി തീർക്കുന്നു.
ഇവിടെ എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ വീട്ടുടമയെ കൊന്നത് എഴുത്തുകാരനാണെന്ന് തെളിഞ്ഞാൽ സീരിയൽ കില്ലർ ചെയ്ത എല്ലാ കൊലപാതകങ്ങളും എഴുത്തുകാരന്റെ തലയിൽ വീഴും. ഇനിയിപ്പോ അത് തെളിയിക്കാൻ പറ്റില്ലെന്ന് വിചാരിക്കുക, ആ സീരിയൽ കില്ലർ എഴുത്തുകാരനെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ. ഈ കേസ് അന്വേഷിക്കുന്ന ഓഫീസറായി നമുക്ക് മുന്നിൽ വരുന്നത് Lee Sun-kyun ആണ്. A Hard Day എന്ന സിനിമ കണ്ട നാൾ മുതൽ പുള്ളിയുടെ ഫാനാണ്, കഴിഞ്ഞ വർഷം ഇറങ്ങിയ Parasite സിനിമയിൽ പണക്കാരനായി തകർത്ത് അഭിനയിച്ചതും ഇവിടെ എടുത്തു പറയുന്നു. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്, മിസ്ട്രി ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഈ കൊറിയൻ ചിത്രം കാണുന്നതിൽ വലിയ നഷ്ടം വരില്ല.
Verdict: Good

Sunday 12 April 2020

Little Children (2006) - 137 min

Country: USA
Director: Todd Field
Cast: Kate Winslet, Jennifer Connelly, Patrick Wilson & Jackie Earle Haley.
ജയിലിൽ നിന്ന് മോചിതനായ ലൈംഗിക കുറ്റവാളി റോണി തിരിച്ച് വീട്ടിൽ എത്തുകയാണ്. ആ വാർത്ത അവിടെ താമസിക്കുന്ന മാതാപിതാക്കളെ പരിഭ്രാന്തരാക്കി. എല്ലാവരും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി, അത് ശാരീരികമായി രണ്ടു പേരെ അടുപ്പിക്കുകയും ചെയ്തു.
ഒരു വശത്ത് ബ്രാഡ് തന്റെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ലെന്ന് ഓർത്ത് വിഷമിച്ചു നടക്കുന്നു, മറു വശത്ത് സാറാ തന്റെ ഭർത്താവിനെ മറ്റൊരു പ്രവർത്തിയിൽ ആനന്ദം കണ്ടെത്തുന്നത് കാണേണ്ടി വന്ന സ്ത്രീ. ടോം പെറോട്ടയുടെ 2004 ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ടോം പെറോട്ടയും സംവിധായകനായ ടോഡ് ഫീൽഡും ചേർന്നാണ്. ഓസ്കാർ വേദിയിൽ മൂന്ന് നോമിനേഷൻ ലഭിച്ച ചിത്രം കൂടിയാണ് Little Children. അതിലൊന്ന് മികച്ച നടിക്കുള്ളതായിരുന്നു. അപ്പോൾ എന്റെ ചോദ്യം ഇതാണ് വീട്ടിൽ സ്വർണം വച്ചിട്ട് ബ്രാഡ് എന്തിനാണ് വെള്ളി തേടിപ്പോയത്.
Verdict: Good

Saturday 11 April 2020

Mumbai Police (2013) - 145 min

Country: INDIA
Director: Rosshan Andrrews
Cast: Prithviraj Sukumaran, Jayasurya & Rahman.
എങ്ങനെ??? എന്തിന്??? ആര്???
ഈ മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം ACP Antony Moses കണ്ടുപിടിച്ചിരുന്നു അപകടം സംഭവിക്കുന്നതിന് തൊട്ടുമുൻപ്. പക്ഷേ ആ അപകടത്തിൽ അയാളുടെ ഓർമ്മ നഷ്ടപ്പെട്ടു, ഇപ്പോ അയാൾക്ക് മുന്നിൽ ഒറ്റ ചോദ്യം താൻ ആരാണ്. മുൻപിൽ വന്ന് നിൽക്കുന്നത് ശത്രുവാണോ മിത്രമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
കഴിഞ്ഞ ദിവസം ടിവിയിൽ ചാനൽ മാറ്റി കൊണ്ടിരുന്നപ്പോൾ യാദൃശ്ചികമായി ഈ സിനിമയിലെ ഒരു രംഗം കാണാൻ ഇടയായി, അപ്പോൾ തുടങ്ങിയ ആഗ്രഹമാണ് ഈ സിനിമ ഒന്നൂടെ കാണണമെന്നുള്ളത്. തിയേറ്ററിൽ നിന്നാണ് ഈ സിനിമ ആദ്യമായി കാണുന്നത് ആ സമയത്ത് പക്ഷേ സസ്പെൻസ് ഒക്കെ ഉള്ള സിനിമയാണെങ്കിൽ ആദ്യ ഷോ കഴിയുമ്പോൾ തന്നെ ആരെങ്കിലുമൊക്കെ മെസ്സേജ് അയച്ചു തരും വില്ലൻ ആരാണെന്നുള്ളത്. കഥയൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് തിയേറ്ററിൽ പോയത്, എല്ലാം അറിഞ്ഞിട്ട് സിനിമ കാണുന്നതും ഒരു വെറൈറ്റി അനുഭവമാണ്. ഓരോ സംഭാഷണങ്ങളിൽ സംവിധായകൻ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ മനസ്സിലാക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്നു വേറെ തന്നെയാണ്. Jason Bourne കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്ന രംഗം ഒക്കെ സിനിമയിലെ ഹൈലൈറ്റ് സീൻസ് ആയിരുന്നു. Rosshan Andrrews സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയും ഇതാണ്. ഇഷ്ട സിനിമകളുടെ ലിസ്റ്റിൽ ഒരു സ്ഥാനം അത് മുംബൈ പോലീസിന് ഉള്ളതാണ്.
Verdict: Great

Friday 10 April 2020

Disobedience (2017) - 114 min

Country: USA, UK, IRELAND
Director: Sebastián Lelio
Cast: Rachel Weisz, Rachel McAdams & Alessandro Nivola.
പിതാവിന്റെ ശവസംസ്കാരത്തിനായി റോനിറ്റ്, അവളെ പണ്ട് പുറത്താക്കിയ ഓർത്തഡോക്സ് ജൂത സമൂഹത്തിലേക്ക് ഒരിക്കൽ കൂടെ തിരിച്ചുവരികയാണ്. അവളുടെ ബാല്യകാല സുഹൃത്തായ എസ്റ്റിയെ അവിടെ വച്ച് കാണുന്നതോടെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്.
ഇതേ പേരിലുള്ള Naomi Alderman ന്റെ നോവലിനെ അടിസ്ഥാനമാക്കി Sebastián Lelio സംവിധാനം ചെയ്ത റൊമാൻറിക് ഡ്രാമയാണ് Disobedience. പൊതുവേ നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്, അതിനോടൊപ്പം Rachel Weisz, Rachel McAdams, Alessandro Nivola എന്നിവരുടെ പ്രകടനത്തെ വിമർശകർ പ്രശംസിക്കുകയും ചെയ്തിരുന്നു. The Mummy (1999) എന്ന സിനിമ കണ്ട നാൾ മുതൽ മനസ്സിൽ പതിഞ്ഞ മുഖമാണ് Rachel Weisz ന്റെ, ഈ സിനിമ കാണാൻ അതുമൊരു കാരണമായി. സിനിമ സംസാരിക്കുന്ന വിഷയവും, പിന്നെ ശക്തമായ സെക്സ് സീൻ ഉള്ളതുകൊണ്ടും പതിനഞ്ച് വയസിനു മുകളിലുള്ളവർ മാത്രം കാണാൻ ശ്രമിക്കുക.
Verdict: Average

Thursday 9 April 2020

Gone Girl (2014) - 149 min

Country: USA
Director: David Fincher
Cast: Rosamund Pike, Ben Affleck, Neil Patrick Harris, Kim Dickens.
അഞ്ചാം വിവാഹ വാർഷിക ദിനമായിരുന്നു അന്ന്. അതിരാവിലെ തന്നെ എഴുന്നേറ്റ് നിക്ക് നേരെ പോയത് തന്റെ ഇരട്ട സഹോദരിയുടെ അടുത്തേക്കാണ്, അവളോട് സംസാരിക്കാനും അല്പം മദ്യം കുടിക്കാനും വേണ്ടിയുള്ള യാത്രയായിരുന്നു അത്. അതിനുശേഷം വീട്ടിൽ തിരിച്ചെത്തിയ നിക്ക് തന്റെ ഭാര്യയായ ആമിയെ കാണാനില്ലെന്ന് മനസ്സിലാക്കുന്നു.
ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു സാധു സ്ത്രീയുടെ കഥയാണ് ഗോൺ ഗേൾ പറയുന്നത്. ഗില്ലിയൻ ഫ്ലിന്റെ ഇതേ തലക്കെട്ടിലുള്ള 2012 ലെ നോവലിനെ അടിസ്ഥാനമാക്കി David Fincher സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ഗോൺ ഗേൾ. ഗില്ലിയൻ ഫ്ലിൻ തന്നെയാണ് സിനിമയിലെ തിരക്കഥയും എഴുതിയിരിക്കുന്നത്. David Fincher സംവിധാനം ചെയ്ത Alien 3 ഒഴികെ ബാക്കി എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. എന്തോ ഇഷ്ടമാണ് ഈ സിനിമ ഭർത്താവിനെ അമിതമായി സ്നേഹിക്കുന്ന ഭാര്യ ഉള്ളതുകൊണ്ടോ, അതോ ഭാര്യ ഉറങ്ങിയതിനു ശേഷവും ഉറങ്ങാതെ കാവലിരിക്കുന്ന ഭർത്താവ് ഉള്ളതുകൊണ്ടോ. അതിന് വ്യക്തമായ ഉത്തരമില്ല, എന്നാലും അവരുടെ സ്നേഹം കാണാൻ ഇടയ്ക്ക് ഈ ചിത്രം കാണാറുണ്ട്.
Verdict: Great

Wednesday 8 April 2020

High Tension (2003) - 95 min

Country: FRANCE
Director: Alexandre Aja
Cast: Cécile de France, Maïwenn & Philippe Nahon.
മേരിയും അലക്സും സുഹൃത്തുക്കളാണ്, സ്റ്റഡി ലീവ് ആയതുകൊണ്ട് അവർ അലക്സിന്റെ വീട്ടിലേക്ക് പോകുവാൻ തീരുമാനിക്കുന്നു. എന്നാൽ അവർ വീട്ടിൽ എത്തിയ രാത്രി ഒരു അതിഥി കൂടി ആ വീട്ടിലേക്ക് വരുന്നു, അതെ ഒരു സൈക്കോ കില്ലർ.
Slasher സിനിമകളുടെ ഗണത്തിൽ വരുന്ന Saw, Wrong Turn, Texas Chain Saw Massacre പോലെയുള്ള സിനിമകളിൽ കൈ വയ്ക്കുന്നതിനുമുമ്പ് കണ്ട സിനിമയാണ് High Tension. ഒരു അവധിക്കാലം ആഘോഷമാക്കാൻ കൈയിൽ കിട്ടിയ ആദ്യ സിനിമയാണ്, കാണുന്ന പ്രേക്ഷകനെ ടെൻഷൻ അടിപ്പിച്ച് ഒരു വഴിയാക്കുമെന്ന് സിനിമ കണ്ടവർ പറഞ്ഞതും ഓർമ്മയിലുണ്ട്. അങ്ങനെ സിനിമ ആരംഭിച്ച നിമിഷനേരം കൊണ്ട് തന്നെ ടെൻഷൻ കയറാൻ തുടങ്ങി അതിന് ചെറിയൊരു ശമനം കിട്ടിയത് സിനിമ തീർന്നപ്പോഴാണ്. വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലാനായി നിർമ്മിച്ച സിനിമയാണിത്, ഇന്നും ഓർമ്മയിലുള്ള ചില മറക്കാൻ കഴിയാത്ത സിനിമ അനുഭവങ്ങളിൽ ഒന്ന് High tension ആ അവധിക്കാലത്ത് കണ്ടത് തന്നെയാണ്.
Verdict: Good

Tuesday 7 April 2020

Heroic Losers (2019) - 120 min

Country: ARGENTINA
Director: Sebastián Borensztein
Cast: Ricardo Darín, Luis Brandoni, Chino Darín, Verónica Llinás, Daniel Aráoz, Carlos Belloso, Rita Cortese.
1998-2002 ലെ Argentine great depression സമയത്ത് നടക്കുന്ന കഥയാണ്. ഒരു കൂട്ടം ആളുകൾ തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി നടത്തുന്ന ശ്രമങ്ങളാണ് കഥാസാരം.
92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അർജന്റീന എൻട്രിയായിരുന്നു ഈ ചിത്രം, പക്ഷേ നോമിനേഷൻ കിട്ടിയില്ല. The Night of the Heroic Losers എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് Heroic Losers. സിനിമയിലെ കേന്ദ്ര കഥാപാത്രമായ Fermin ആയി നമുക്ക് മുന്നിൽ എത്തുന്നത് Ricardo Darin ആണ്, അദ്ദേഹത്തിന്റെ മകനായി സിനിമയിൽ വേഷമിട്ടിരിക്കുന്നത് സ്വന്തം മകനായ Chino Darin തന്നെയാണ്. Ricardo Darin അഭിനയിച്ച ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്, ഇതുവരെ ഒറ്റ സിനിമപോലും നിരാശ നൽകിയിട്ടില്ല. അതാണ് ഈ സിനിമ കാണാനുള്ള ഏറ്റവും വലിയ പ്രചോദനം. മോഷണ സിനിമകൾ കാണുന്ന ഒരാളാണെങ്കിൽ ധൈര്യമായി കണ്ടോളൂ ഈ സിനിമ നിങ്ങൾക്ക് ഇഷ്ടമാകും.
Verdict: Good

Sunday 5 April 2020

Jungle (2017) - 115 min

Country: AUSTRALIA, COLOMBIA
Director: Greg McLean
Cast: Daniel Radcliffe, Alex Russell, Thomas Kretschmann, Yasmin Kassim, Joel Jackson & Jacek Koman.
Yossi Ghinsberg എന്ന സാഹസിക യാത്രികൻ 1981ൽ നടത്തിയ യാത്രയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. Yossi Ghinsberg ആയി സിനിമയിൽ അഭിനയിച്ചിരിക്കുന്നത് Daniel Radcliffe ആണ്.
അന്നും ഇന്നും Daniel Radcliffe നെ കാണാൻ ഒരു പയ്യന്റെ ലുക്കാണ്, അതുകൊണ്ടു തന്നെ ഇതുപോലെയുള്ള കഥാപാത്രങ്ങൾ പുള്ളിക്ക് അനുയോജ്യമാകുമോന്ന് സംശയമുണ്ടായിരുന്നു. സിനിമയുടെ തുടക്കം മുതൽ ആ സംശയം മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു, എന്നാൽ അവസാന പത്ത് മിനിറ്റ് പ്രേക്ഷകൻ എന്ന നിലയ്ക്ക് വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു. അത് ശരിക്കും Radcliffe ന്റെ വിജയമാണ് അത്രയും നേരം നമ്മളെ ആ യാത്രയിൽ പിടിച്ചിരുത്താൻ Radcliffe ന് സാധിച്ചു. യാത്രകൾ ഇഷ്ടമുള്ളവർക്കും survival മൂവീസ് താല്പര്യമുള്ളവർക്കും കാണാൻ പറ്റിയ സിനിമയാണ് Jungle.
Verdict: Good

Saturday 4 April 2020

The Way Back (2020) - 108 min

Country: USA
Director: Gavin O'Connor
Cast: Ben Affleck, Al Madrigal, Michaela Watkins & Janina Gavankar.
Jack Cunningham മദ്യപാനിയായ ഒരു നിർമ്മാണ തൊഴിലാളിയാണ്, ജീവിതത്തിൽ അയാൾക്ക് അനുഭവിക്കേണ്ടി വന്ന യാതനകൾ മറക്കാനാണ് അയാൾ മദ്യത്തിൽ അഭയം തേടിയത്. പക്ഷേ ഇപ്പോ അത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു സ്കൂൾ ബാസ്കറ്റ്ബോൾ ടീമിന്റെ കോച്ചാകാൻ ജാക്കിന് അവസരം ലഭിക്കുന്നു.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മനുഷ്യന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ് Gavin O'Connor ഈ സിനിമയിലൂടെ കാണിച്ചുതരുന്നത്. ഇങ്ങനെയൊരു അവസ്ഥയിലൂടെ Ben Affleck ശരിക്കും കടന്നുപോയിട്ടുണ്ട്, അതുകൊണ്ട് തന്നെ ജാക്ക് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ Affleck ന് സാധിച്ചിട്ടുണ്ട്. The Way Back ഒരു സ്പോർട്സ് ഡ്രാമയാണ്, അതിലുപരി ഇതൊരു മദ്യപാനിയായ വ്യക്തിയുടെ കഥയാണ്. ഈ സിനിമ ഇഷ്ടമാകാൻ രണ്ട് കാരണങ്ങളുണ്ട് ഒന്ന് പറയാൻ ഉദ്ദേശിച്ച കാര്യം നല്ല വെടിപ്പായി പറഞ്ഞിട്ടുണ്ട് പിന്നെ Ben Affleck എന്ന നടന്റെ സാനിദ്ധ്യം. ഈ സിനിമ കാണാനുള്ള കാരണവും Ben Affleck തന്നെയാണ്, എന്തായാലും സംഭവം കൊള്ളാം.
Verdict: Good